കോടിമത കൊടൂരാറ്റിൽ ചാടിയ യുവതിയെ പോലീസും വഴിയാത്രക്കാരും ചേർന്ന് രക്ഷപ്പെടുത്തി. തിരുവല്ല സ്വദേശി അതുല്യ പ്രദീപ് (35) എന്ന യുവതിയെ ആണ് ആറ്റിൽ നിന്നും രക്ഷപ്പെടുത്തിയത്.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം. ഇവരെ ജില്ലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കോടിമത ഓയിൽ പാം ഇന്ത്യയുടെ ഓഫിസിനു സമീപം വിശ്രമ സ്ഥലത്താണ് യുവതി ഇരുന്നിരുന്നത്. ഇവിടെ നിന്നു പെട്ടന്ന് പ്രകോപനം ഒന്നുമില്ലാതെ ഇവർ ആറ്റിലേയ്ക്ക് ചാടുകയായിരുന്നു. സമീപത്ത് ഇരുന്നവരാണ് ഇവർ ആറ്റിൽ വീഴുന്നത് കണ്ടത്. തുടർന്ന് ഇവർ വിവരം കോട്ടയം വെസ്റ്റ് പൊലീസിൽ അറിയിച്ചു.
പൊലീസും ചേർന്ന് ഇവരെ രക്ഷിച്ച് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവർക്ക് ഇവിടെ പ്രഥമ ശുശ്രൂഷ നൽകിയിട്ടുണ്ട്. പരിക്ക് ഗുരുതരമല്ല.
ഭർത്താവുമായി പിണങ്ങിയാണ് ഇവർ കോട്ടയത്തെത്തിയത്. ഒരു മാസത്തിനിടെ കോട്ടയം ഏറ്റുമാനൂരിൽ രണ്ട് സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ കോടിമതയിലും സമാന രീതിയിൽ സംഭവം ഉണ്ടായിരിക്കുന്നത്. ഏറ്റുമാനൂർ കാരിത്താസിൽ ട്രെയിനിനു മുന്നിൽ ചാടി ഷൈനിയും മക്കളും കഴിഞ്ഞ ഫെബ്രുവരിയിലാണ്. ഒരാഴ്ച മുൻപ് പേരൂരിൽ അഭിഭാഷകയും മക്കളും ആറ്റിൽചാടി മരിച്ചു.