ന്യൂഡൽഹി: വയനാട് പുനരധിവാസത്തിനായി ഭൂമി ഏറ്റെടുത്ത സർക്കാർ നടപടിക്കെതിരായ എൽസ്റ്റൺ എസ്റ്റേറ്റിന്‍റെ ഹർജി തള്ളി സുപ്രീംകോടതി. നടപടിയുമായി മുന്നോട്ടു പോവാമെന്ന് സുപ്രീംകോടതി സർക്കാരിനെ അറിയിച്ചു.
ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകിയ ഹൈക്കോടതി നടപടിയിൽ ഇടപെടാനാവില്ലെന്നും വേണമെങ്കിൽ എൽസ്റ്റൺ എസ്റ്റേറ്റിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഭൂമിക്ക് സർക്കാർ നിശ്ചയിച്ചിരിക്കുന്ന നഷ്ടപരിഹാര തുക വളരെ കുറവാമെന്നും അർഹമായ തുക അനുവദിക്കണമെന്നുമാണ് എൽസ്റ്റൺ എസ്റ്റേറ്റ് ഹർജിയിലെ വാദം. എന്നാൽ സ്വകാര്യ താത്പര്യവും പൊതു താത്പര്യവും ഒന്നിച്ച് വരുമ്പോൾ പൊതുതാത്പര്യം പരിഗണിക്കപ്പെടുമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഭൂമി വിട്ടു നൽകാമെന്ന് ഹൈക്കോടതിയിൽ എൽസ്റ്റൺ അറിയിച്ചതായി ചൂണ്ടിക്കാട്ടിയ സുപ്രീകോടതി നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് സുപ്രീംകോടതിയല്ലെന്നും വ്യക്തമാക്കി.
വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് ഇടക്കാല ഉത്തരവ് മാത്രമാണ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. പ്രധാന ഹർജി ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ഹർജിയിൽ ഉടൻ തന്നെ വാദം കേൾക്കാൻ ഹൈക്കോടതിയോട് നിർദേശിക്കുകയും ചെയ്തു.
എന്നാൽ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് എൽസ്റ്റൺ എസ്റ്റേറ്റ് ഹർജിയെ സർക്കാർ സുപ്രീംകോടതിയിൽ ശക്തമായി എതിർത്തു. നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് ഭൂമി ഏറ്റെടുത്തതെന്ന് സർക്കാർ വ്യക്തമാക്കി. ഹൈക്കോടതിയുടെ നിർദേശ പ്രകാരം 43 കോടി രൂപ കെട്ടിവച്ചതായും സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.