മണിക്കൂറുകൾ നീണ്ട ചർച്ചക്ക് ശേഷമായിരുന്നു വോട്ടെടുപ്പ്. വോട്ടെടുപ്പിൽ പ്രതിപക്ഷ അംഗങ്ങളുടെ നിർദേശം വോട്ടിനിട്ട് തള്ളി. ബിൽ രാജ്യസഭ കടന്നതോടെ മുനമ്പത്ത് പടക്കം പൊട്ടിച്ചും പ്രകടനം നടത്തിയും സമരക്കാരുടെ ആഹ്ലാദ പ്രകടനം. കേന്ദ്രം സർക്കാരിനെ പിന്തുണച്ച് സമരം ചെയ്യുന്നവർ പ്രകടനം നടത്തി. നിയമഭേദഗതിയെ എതിർത്ത കേരളത്തിലെ എംപിമാരെ വിമർശിച്ചപ്പോൾ സുരേഷ് ഗോപിക്ക് കൈയടി. റവന്യു അവകാശങ്ങൾ പുനഃസ്ഥപിക്കുന്നത് വരെ സമരം തുടരുമെന്നും മുനമ്പം സമര സമിതി അറിയിച്ചു.
വഖഫ് നിയമ ഭേദഗതി ബിൽ ലോക്സഭയിൽ കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിയോടെ പാസായിരുന്നു. 232 വോട്ടിനെതിരെ 288 വോട്ടോടെയാണ് പാസായത്. 14 മണിക്കൂറിലേറെ നീണ്ട നടപടികൾക്ക് ശേഷമാണ് ബിൽ ലോക്സഭ കടന്നത്. രാജ്യസഭയിലും മണിക്കൂറുകൾ ചർച്ച നീണ്ടു. ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ അംഗങ്ങൾ അവതരിപ്പിച്ച ഭേദഗതികൾ വോട്ടിനിട്ട് തള്ളി. കെ.സി. വേണുഗോപാൽ, ഇ.ടി. മുഹമ്മദ് ബഷീർ, കെ. രാധാകൃഷ്ണൻ, എൻ.കെ. പ്രേമചന്ദ്രൻ എന്നിവരുടെ നിർദേശങ്ങളും വോട്ടിനിട്ട് തള്ളി.