എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നൽകുന്ന സ്വീകരണ പരിപാടിയിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും പിന്മാറണമെന്ന ആവശ്യം ശക്തം. കഴിഞ്ഞദിവസം മലപ്പുറത്തിനെതിരെ കടുത്ത വിദ്വേഷ പ്രസ്താവനയാണ് വെള്ളാപ്പള്ളി നടേശൻ നടത്തിയിട്ടുള്ളത്. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തിന് നൽകുന്ന സ്വീകരണത്തിൽനിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പിന്മാറണമെന്ന ആവശ്യവുമായി വിവിധ സംഘടനകൾ എത്തിയത്.
ഏപ്രിൽ 11ന് എസ്എൻഡിപി യോഗം ചേർത്തല യൂനിയനാണ് പരിപാടി സംഘടിപ്പിക്കുന്നത്. ‘മഹാസംഗമവും മൂന്ന് പതിറ്റാണ്ട് ജനറൽ സെക്രട്ടറി പദം പൂർത്തിയാക്കുന്ന സമാനതകളില്ലാത്ത സാരഥി ബഹു. വെള്ളാപ്പള്ളി നടേശന് ഉജ്ജ്വലസ്വീകരണവും’ എന്ന പേരിലാണ് പരിപാടി. മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടിയുടെ ഉദ്ഘാടനം. മന്ത്രിമാരായ പി. പ്രസാദ്, പി. രാജീവ്, പി.എൻ വാസവൻ, സജി ചെറിയാൻ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.