ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് ഹെഡ്ഗേവാറിൻ്റെ പേര് നൽകിയതിൽ ബിജെപിയിലും ഭിന്നത. ബിജെപി – ആർഎസ്എസ് നേതൃത്വങ്ങളുടെ അനുമതി വാങ്ങാതെയാണ് നഗരസഭ പേര് നൽകിയത് എന്നാണ് നേതാക്കൾ ആരോപിക്കുന്നത്. ആർഎസ്എസ് ദേശീയ നേതാക്കളുടെ പേര് നൽകുമ്പോൾ നേതൃത്വത്തിൻ്റെ അനുമതി വാങ്ങണമെന്നും എന്നാൽ ഇതിൽ നഗരസഭ അനുമതി തേടിയിട്ടില്ലെന്നും ഒരു വിഭാഗം നേതാക്കൾ പറഞ്ഞു. അതേസമയം ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രവുമായി മുന്നോട്ട് തന്നെയെന്ന് പാലക്കാട് നഗരസഭ വൈസ് ചെയർമാൻ ഇ കൃഷ്ണദാസും വ്യക്തമാക്കിയിരുന്നു.
ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. കെബി ഹെഡ്‌ഗേവാറിന്റെ പേരിൽ തന്നെ കേന്ദ്രം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്ത് പേര് നൽകണമെന്ന് നഗരസഭ ചെയർപേഴ്സന്റെ വിവേചന അധികാരമാണ്. ഹെഡ്ഗേവാറിന്റെ പേര് നൽകുന്നു എന്നത് എവിടെയും മറച്ചു വെച്ചിട്ടില്ലെന്നും മുൻ കൗൺസിലുകളിൽ വിഷയം ചർച്ചയ്ക്ക് വെച്ച് പാസാക്കിയതാണെന്നും അദ്ദേഹം കൂട്ടിചേർത്തു. ഇന്നലെയായിരുന്നു ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രം തറക്കല്ലിടൽ ചടങ്ങുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സ്ഥലത്തെത്തിയിരുന്നത്