ഇറിഡിയം തട്ടിപ്പ് കേസ്; മൂന്നു പേർ അറസ്റ്റിൽ

ഇരിങ്ങാലക്കുട: മാപ്രാണം സ്വദേശിയെ ഇറിഡിയം ലോഹത്തിന്‍റെ ബിസിനസ് ചെയ്ത് പണം നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിൽ മൂന്നു പേർ അറസ്റ്റിൽ. 2018 ഓഗസ്റ്റ് മുതൽ 2019 ജനുവരി വരെ പല തവണകളായി 31,000 രൂപ വാങ്ങുകയും പണം തിരികെ നൽകിയില്ലെന്നുമാണ് കേസ്.

പെരിഞ്ഞനം സ്വദേശിയായ പാപ്പുള്ളി വീട്ടിൽ ഹരിസ്വാമി എന്ന ഹരിദാസൻ (52), മനവലശ്ശേരി വില്ലേജിൽ താണിശ്ശേരി മണമ്പുറക്കൽ വീട്ടിൽ ജിഷ (45), മാടായിക്കോണം വില്ലേജിൽ മാപ്രാണം വെട്ടിയാട്ടിൽ വീട്ടിൽ പ്രസീദ സുരേഷ് (46) എന്നിവരെയാണ് ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

താൻ കോൽക്കത്തയിലെ ഒരു മഠത്തിന്‍റെ മഠാധിപതി ആവാൻ പോവുകയാണെന്നും ബാങ്കുകളിൽ അനാഥമായി കിടക്കുന്ന പണം പാവങ്ങളിലേക്ക് എത്തിക്കുന്നതിനായി ഒരു ട്രസ്റ്റ് രൂപീകരിക്കുന്നതിന് ഉയർന്ന ലാഭ വിഹിതം നൽകാമെന്നും ഇറിഡിയം ലോഹം വിദേശത്തേക്ക് കയറ്റി അയച്ചിട്ടുണ്ടെന്നും അതിന്‍റെ ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് പണം തിരികെ നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഹരിദാസൻ തട്ടിപ്പ് നടത്തിയത്.

ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ എം എസ് ഷാജൻ, സബ്ബ് ഇൻസ്പെക്ടർമാരായ മുഹമ്മദ് റാഷി, എഎസ്ഐ ഉമേഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Previous Post Next Post