വഖഫ് സംഘര്‍ഷം: കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജികൾ





ന്യഡൽഹി: വഖഫ് ഭേദഗതി നിയമത്തിനെതിരായി പശ്ചിമ ബംഗാളിലുണ്ടായ പ്രതിഷേധം, മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിച്ചതിനു പിന്നാലെ അക്രമങ്ങളില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതിയില്‍ ഹര്‍ജികള്‍. അഭിഭാഷകരായ ശശാങ്ക് ശേഖര്‍ ഝാ, വിശാല്‍ തിവാരി എന്നിവരാണ് പൊതുതാൽപര്യ ഹർജികൾ സമർപ്പിച്ചത്.

അക്രമ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നാണ് ശേഖര്‍ ഝാ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. അക്രമ സംഭവങ്ങളെക്കുറിച്ച് സുപ്രീം കോടതി മുന്‍ ജഡ്ജിയുടെ നേതൃത്വത്തില്‍ അഞ്ചംഗ ജുഡീഷല്‍ അന്വേഷണ കമ്മീഷന്‍ രൂപീകരിച്ച് അന്വേഷണം ആരംഭിക്കണമെന്ന് വിശാല്‍ തിവാരി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും അക്രമത്തെക്കുറിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിർദേശിക്കണമെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആവശ്യങ്ങൾ.

കഴിഞ്ഞ വെള്ളിയാഴ്ച മുര്‍ഷിദാബാദ് ജില്ലയിലെ സുതി, സംസര്‍ഗഞ്ച്, ധുലിയന്‍, ജംഗിപൂര്‍ എന്നിവിടങ്ങളിൽ വഖഫ് ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെയുണ്ടായ വ്യാപക സംഘര്‍ഷത്തില്‍ 3 പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ, തിങ്കളാഴ്ച സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഭംഗറില്‍ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. ഇതിലും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും നിരവധി പൊലീസ് വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തിരുന്നു.
Previous Post Next Post