കൊച്ചി: ലഹരിമരുന്നു കേസിൽ അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോക്ക് സ്റ്റേഷൻ ജാമ്യം. എറണാകുളം നോർത്ത് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായ ഷൈനിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. ജാമ്യം ലഭ്യമാകുന്ന കേസുകളാണ് നടന് മേൽ ചുമത്തിയിരുന്നത്. സ്റ്റേഷനു പുറത്തിറങ്ങിയ താരം മാധ്യമങ്ങളോട് സംസാരിക്കാൻ തയാറായില്ല. ലഹരി ഉപയോഗം, ഗൂഢാലോചന, തെളിവുനശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഷൈനിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടരന്വേഷണത്തിൽ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കാം. അപ്രതീക്ഷിതമായാണ് താരം പൊലീസിന്‍റെ വലയിൽ കുടുങ്ങിയത്.
ലഹരി ഇടപാടുകാരനായ സജീറീനു വേണ്ടിയാണ് കൊച്ചിയിൽ ഹോട്ടൽ മുറിയിൽ ഡാൻസാഫ് (ഡിസ്ട്രിക്റ്റ് ആന്‍റി നാർക്കോട്ടിക്സ് സ്പെഷൽ ആക്ഷൻ ഫോഴ്സ്) എത്തിയത്. എന്നാൽ മുറിയിൽ നിന്ന് സ്വിമ്മിങ് പൂളിലേക്ക് ചാടി ഷൈൻ ഓടി രക്ഷപ്പെട്ടതോടെ കാര്യങ്ങൾ മാറി മറിഞ്ഞു.
കൈയിൽ നിന്നോ ഹോട്ടലിൽ നിന്നോ ലഹരിവസ്തുക്കൾ ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ അറസ്റ്റുണ്ടാകില്ലെന്ന ആത്മവിശ്വാസത്തോടെയാണ് പൊലീസിനു മുന്നിൽ ചോദ്യം ചെയ്യലിനായി ഷൈൻ ഹാജരായത്. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി പൊലീസ് ലഹരി ഇടപാടുകാരനുമായുള്ള സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ മുന്നോട്ട് വച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.