ഹൈബ്രിഡ് കഞ്ചാവ് കേസ്; സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ച ശ്രീനാഥ് ഭാസി

കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ശ്രീനാഥ് ഭാസി പിൻവലിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ കൂടുതൽ വിവരങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് നടന്‍റെ അഭിഭാഷകന്‍റെ നടപടി. കേസ് അന്വേഷിക്കുന്ന എക്സൈസ് സംഘം നിലവിൽ താരത്തെ കേസിൽ പ്രതി ചേർത്തിട്ടില്ലെന്ന സാഹചര്യത്തിലാണ് ജാമ്യാപേക്ഷ പിൻവലിച്ചത്.

തനിക്ക് കേസുമായി ബന്ധമില്ലെന്നും കെട്ടിച്ചമച്ച കേസാണെന്നും അദ്ദേഹം നേരത്തെ പ്രതികരിച്ചിരുന്നു. രണ്ടാഴ്ചയ്ക്കകം മറുപടി നൽകാൻ എക്സൈസിന് കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ നാടകീയമായ സാഹചര്യങ്ങൾ പൊങ്ങിവന്നതോടെയാണ് അപേക്ഷ പിൻവലിച്ചത്.

ഈ മാസം ആദ്യമാണ് ഹൈബ്രിഡ് കഞ്ചാവുമായി സ്ത്രീ ഉൾപ്പെടെ 2 പേർ മാരാരികുളത്തെ റിസോർട്ടിൽ‌ നിന്നും പിടിയിലാവുന്നത്. ചെന്നൈ സ്വദേശി ക്രിസ്റ്റീന എന്ന തസ്ലീമ സുൽത്താൻ, മണ്ണാഞ്ചേരി സ്വദേശി ഫിറോസ് എന്നിവരാണ് എക്സൈസിന്‍റെ പിടിയിലായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സിനിമാ താരങ്ങൾക്ക് നൽകാനാണ് കഞ്ചാവ് എത്തിച്ചതെന്ന് താരങ്ങൾ മൊഴി നൽകിയത്. ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവരുടെ പേരുകളാണ് പ്രതികളുടെ മൊഴിയിലുണ്ടായിരുന്ന പേരുകൾ.
Previous Post Next Post