ഫ്രാൻസിസ് മാർപാപ്പക്ക് അന്ത്യ യാത്രാമൊഴിയേകാൻ ലോകം വത്തിക്കാനിൽ. സംസ്കാര ശുശ്രൂഷകൾ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ ആരംഭിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പ്രിയപ്പെട്ട സെന്‍റ് മേരി മേജർ ബസിലിക്കയിലാണ് അന്ത്യ വിശ്രമം. സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ ആയിരകണക്കിന് വിശ്വാസികളാണ് തടിച്ചുകൂടിയിട്ടുള്ളത്. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെ പ്രാര്‍ത്ഥനാ ചടങ്ങിനുശേഷം സെന്‍റ് പീറ്റേഴ്സ് ചത്വരത്തിന് അഭിമുഖമായുള്ള പ്രധാന അൽത്താരയിലേക്ക് ഭൗതിക ശരീരം എത്തിച്ചു. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെ പ്രദക്ഷിണത്തിനുശേഷമാണ് അൽത്താരയിലേക്ക് ഭൗതിക ശരീരം എത്തിച്ചത്. തുടര്‍ന്ന് സംസ്കാര ശുശ്രൂഷകള്‍ ആരംഭിച്ചു.
അന്തിമോപചാരമര്‍പ്പിക്കാൻ ട്രംപും സെലൻസ്കിയും ഇന്ത്യൻ രാഷ്ട്രപതിയും അടക്കം 130 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘം വത്തിക്കാനിലെത്തിയിട്ടുണ്ട്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ ആരംഭിച്ചത്. ചത്വരത്തിലെ ചടങ്ങുകൾക്കുശേഷം ഭൗതികശരീരം നാലു കിലോമീറ്റർ അകലെയുള്ള സെന്‍റ് മേരി മേജർ ബസിലിക്കയിലെത്തിച്ച് സംസ്കരിക്കും. ലക്ഷക്കണക്കിനാളുകളെത്തിയ പൊതുദർശനത്തിനൊടുവിൽ മാർപാപ്പയുടെ മൃതദേഹ പേടകം ഇന്നലെ അർധ രാത്രിയാണ് പൂട്ടി മുദ്രവെച്ചത്.മാർപ്പാപ്പാമാരുടെ മരണാനന്തര നടപടികളുടെ ക്രമം കഴിഞ്ഞ നവംബറിൽ ഫ്രാൻസിസ് മാർപ്പാപ്പ തന്നെ പരിഷ്കരിച്ച് കൂടുതൽ ലളിതമാക്കിയിരുന്നു. അതിനാൽ സാധാരണ പാപ്പമാരുടെ സംസ്കാര ചടങ്ങിനേക്കാൾ ദൈർഘ്യം കുറഞ്ഞതാകും ഇന്നത്തെ ശുശ്രൂഷ. ഒന്നര മണിക്കൂര്‍ നീളുന്ന ദിവ്യബലിക്കുശേഷമായിരിക്കും സെന്‍റ് മേരി മേജര്‍ ബസിലിക്കയിലേക്ക് കൊണ്ടുപോവുക