ഇംഗ്ലീഷില്‍ ‘എക്‌സ്‌ക്യൂസ് മീ’ എന്നു പറഞ്ഞതിന് രണ്ട് സ്ത്രീകള്‍ക്ക് മര്‍ദനം...



ഇംഗ്ലീഷില്‍ ‘എക്‌സ്‌ക്യൂസ് മീ’ എന്നു പറഞ്ഞതിന് രണ്ട് സ്ത്രീകള്‍ക്ക് മര്‍ദനം. മഹാരാഷ്ട്രയിലെ ദൊംബാലിവാലിയിലാണ് സംഭവം. മറാത്തി സംസാരിക്കുന്നതിന് പകരം ഇംഗ്ലീഷ് സംസാരിച്ചുവെന്ന് പറഞ്ഞാണ് മര്‍ദിച്ചത്. ആക്രമണത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെത്തുടര്‍ന്ന് പ്രതിഷേധത്തിന് ഇടയാക്കി. പൂനം ഗുപ്ത, ഗീത ചൗഹാന്‍ എന്നിവരെയാണ് ആക്രമിച്ചത്. ഇരുവരും താമസിക്കുന്ന ഫ്‌ളാറ്റിന് മുന്നിലെ പ്രവേശന കവാടത്തില്‍ സ്‌കൂട്ടറില്‍ വരികയായിരുന്നു. പ്രവേശന കവാടത്തില്‍ നിന്നയാളോട് എക്‌സ്‌ക്യൂസ് മീ ഒന്ന് മാറി നില്‍ക്കാമോ എന്ന് ചോദിച്ചതാണ് പ്രശ്‌നത്തിന് കാരണം. അതേ കെട്ടിടത്തില്‍ തന്നെ താമസിക്കുന്ന ആളാണ് ഉപദ്രവിച്ചത്.

ആക്രമിക്കുന്ന സമയത്ത് പൂനം ഗുപ്തയുടെ കൈയില്‍ 9 മാസം പ്രായമുള്ള കുഞ്ഞും ഉണ്ടായിരുന്നു. പൂനത്തിന്റെ ഭര്‍ത്താവ് പ്രതിരോധിക്കാന്‍ എത്തിയെങ്കിലും അക്രമികള്‍ വടികൊണ്ട് അങ്കിതിന്റെ തലയില്‍ അടിച്ചു.

ആക്രമണത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുമ്പ് ഉണ്ടായ ഏതെങ്കിലും തര്‍ക്കവുമായി പുതിയ സംഭവത്തിന് ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. രാജ് താക്കറെയുടെ പാര്‍ട്ടിയായ എംഎന്‍എസ് സംസ്ഥാനത്ത് മറാത്തി ഭാഷ മാത്രം സംസാരിക്കണമെന്ന വാദം ഉയര്‍ത്തുന്നതിനിടയിലാണ് ഈ സംഭവം.

Previous Post Next Post