യുഡിഎഫും പി.വി അൻവറും തൽക്കാലം സഹകരിച്ച് പ്രവർത്തിക്കാൻ ധാരണ. മുന്നണി പ്രവേശനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമായില്ല. അൻവറിന്‍റെ ആവശ്യങ്ങളിൽ യുഡിഎഫിൽ ചർച്ച ചെയ്തശേഷം കോൺഗ്രസ് തീരുമാനം അറിയിക്കും. കോൺഗ്രസ് നേതാക്കളും പി.വി അൻവറും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് സഹകരണത്തിന് ധാരണയായത്.
യുഡിഎഫ് പ്രവേശനം അടക്കമുള്ള കാര്യങ്ങളിൽ കോൺഗ്രസ് നേതൃത്വത്തിനു മുന്നിൽ അൻവർ ചില നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു. ഇക്കാര്യത്തിൽ കോൺഗ്രസിലെ ധാരണകൾ നേതാക്കൾ അൻവറിനെ തിരിച്ചും അറിയിച്ചു. പാർട്ടിയിലും യുഡിഎഫിലും കൂടുതൽ ചർച്ചകൾ അനിവാര്യമാണെന്നും കോൺഗ്രസ് നേതൃത്വം അൻവറിനെ അറിയിച്ചു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സഹകരിച്ച് പ്രവർത്തിക്കാൻ ഇരുവരും തീരുമാനിച്ചു. പി.വി അൻവർ ഒരു ഉപാധിയും മുന്നോട്ട് വെച്ചിട്ടില്ലെന്നായിരുന്നു കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞത്.
ചർച്ചയിൽ പൂർണ തൃപ്തിയെന്ന് പറഞ്ഞ അൻവർ തൃണമൂൽ കോൺഗ്രസിനെ ഇട്ടെറിഞ്ഞ് യുഡിഎഫിലേക്ക് പോകാൻ കഴിയില്ലെന്നും വ്യക്തമാക്കി. ഒരു മണിക്കൂർ നീണ്ടുനിന്ന ചർച്ചയിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല എന്നിവരാണ് കോൺഗ്രസ് നിലപാട് അൻവറിനോട് വിശദീകരിച്ചത്