ചെന്നൈ: തമിഴ്‌നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. ഇതര ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ച പെൺകുട്ടിയെ സഹോദരൻ തലയ്ക്കടിച്ച് കൊന്നു. തിരുപ്പൂർ പല്ലടത്തിനടുത്തുള്ള ബരുവായ് ഗ്രാമത്തിലാണ് സംഭവം. ദണ്ഡപാണി- തങ്കമണി ദമ്പതികളുടെ 22 വയസുള്ള മകൾ വിദ്യയാണ് കൊല്ലപ്പെട്ടത്. കൊലയ്ക്കു ശേഷം ആരും അറിയാതെ മൃതദേഹം മറവു ചെയ്യുകയായിരുന്നു. എന്നാൽ കാമുകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ സഹോദരൻ കുറ്റം സമ്മതിക്കുകയായിരുന്നു.
മാർച്ച് മാസം 30-ാം തീയതിയാണ് കൊലപാതകം നടക്കുന്നത്. കോയമ്പത്തൂർ ഗവൺമെന്‍റ് കോളെജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയായ വിദ്യ തിരുപ്പൂരിൽ നിന്നുള്ള വെൺമണി എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. എന്നാൽ ഈ ബന്ധത്തിനെതിരെ സഹോദരന് എതിർപ്പുണ്ടായിരുന്നു. വെള്ളിയാഴ്ച ദിവസം മാതാപിതാക്കൾ ക്ഷേത്രത്തിൽ പോയി തിരിച്ചെത്തിയപ്പോഴേക്കും വിദ്യ രക്തത്തിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. ഇതോടെ, ഇവർ പൊലീസിൽ വിവരമറിയിക്കാതെ വിദ്യയുടെ മൃതദേഹം വീടിനടുത്തുള്ള ഒരു ശ്മശാനത്തിൽ സംസ്കരിച്ചു.
എന്നാൽ ഇതിൽ സംശയം തോന്നിയ വെൺമണി, കാമുകിയുടെ മരണത്തിൽ സംശയമുണ്ടെന്ന് കാണിച്ച് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതോടെ പല്ലടം തഹസിൽദാരുടെയും ഡിഎസ്പിയുടെയും സാന്നിധ്യത്തിൽ ഡോക്ടർമാർ വിദ്യയുടെ മൃതദേഹം സംസ്‌കരിച്ച സ്ഥലത്ത് നിന്ന് പുറത്തെടുക്കുകയും പോസ്റ്റ്‌മോർട്ടം നടത്തി. വിദ്യയുടെ തലയ്ക്കേറ്റ ശക്തമായ മർദ്ദനമാണ് മരണത്തിനു കാരണമായതെന്നും പോസ്റ്റ്‌മോർട്ടത്തിൽ തെളിഞ്ഞു.
പിന്നാലെ വിദ്യയുടെ കുടുംബത്തെ സ്റ്റേഷനിലേത്തിച്ച് ചോദ്യം ചെയ്തതോടെയാണ് കുറ്റം തെളിയുന്നത്. തന്‍റെ അനുവാദമില്ലാതെ താഴ്ന്ന സമുദായത്തിൽപ്പെട്ട യുവാവുമായി പ്രണയത്തിലായതിന്‍റെ വെറുപ്പിൽ ഇളയ സഹോദരി വിദ്യയെ ശരവണന്‍ ഇരുമ്പ് വടി കൊണ്ട് അടിച്ച് കൊലപ്പെടുത്തികയായിരുന്നു എന്ന് സഹോദരൻ ശരവണന്‍ വെളിപ്പെടുത്തി. സംഭവത്തിൽ ശരവണൻ അറസ്റ്റിലായി. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തു.