ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരര്‍ 26 വിനോദസഞ്ചാരികളെയാണ് കൊലപ്പെടുത്തിയത്. ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയുടെ സുരക്ഷാ സേനയും സായുധ സേനയും അതീവ ജാഗ്രതയിലാണ്. പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കാന്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. വാഗ-അട്ടാരി അതിര്‍ത്തി അടയ്ക്കുകയും ചെയ്തു. അതിര്‍ത്തിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ നേരത്തെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) ജനറല്‍ അനില്‍ ചൗഹാന്‍, കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി, നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് ത്രിപാഠി, എയര്‍ ചീഫ് മാര്‍ഷല്‍ എപി സിങ് എന്നിവരുള്‍പ്പെടെ മൂന്ന് സേനാ മേധാവികളും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനോട് വിശദീകരിച്ചിരുന്നു. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ സേനകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.