വിഴിഞ്ഞം: ഗ്രാനൈറ്റുകള്‍ ഇറക്കുന്നതിനിടെ ദേഹത്തു വീണ് മൂന്നു തൊഴിലാളികള്‍ക്കു ഗുരുതരപരിക്കേറ്റു. ആഴാകുളം സ്വദേശി റെജീബ്(42), ആമ്പല്‍ക്കുളം സ്വദേശി സിദ്ദിഖ്(45), വിഴിഞ്ഞം ടൗണ്‍ഷിപ്പ് സ്വദേശി അലിയാര്‍(55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി ഒന്‍പതോടെ വിഴിഞ്ഞം പോലീസ് സ്റ്റേഷനു സമീപത്തായിരുന്നു അപകടം. വീടുപണിക്കായി ബെംഗളൂരുവില്‍ നിന്നെത്തിച്ച ഗ്രാനൈറ്റ് വണ്ടിയില്‍ നിന്നും ഇറക്കുന്നതിനിടെ ആയിരുന്നു അപകടം.
ആമ്പല്‍ക്കുളത്ത് നവാസ് എന്നയാളുടെ വീടു നിര്‍മാണത്തിനായാണ് ഗ്രാനൈറ്റ് പാളികള്‍ എത്തിച്ചത്. വീട്ടിലേക്കുള്ള വഴി ചെറുതായതിനാല്‍ വലിയ ലോറിയില്‍നിന്നു മറ്റൊരു ചെറിയ വാഹനത്തിലേക്ക് ഗ്രാനൈറ്റ് മാറ്റുകയായിരുന്നു. ഇതിനിടെയാണ് ഗ്രാനൈറ്റ് പാളികള്‍ തൊഴിലാളികളുടെ ദേഹത്ത് പതിച്ചത്. വിഴിഞ്ഞം പോലീസും അഗ്‌നിരക്ഷാസേനയുടെയും കഠിന ശ്രമത്തിനൊടുവിലാണ് തൊഴിലാളികളെ ഗ്രാനൈറ്റ് പാളികള്‍ക്ക് അടിയില്‍നിന്നു പുറത്തെടുത്തത്. ഇവരെ മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
റെജീബിന്റെ വലതുകാല്‍ ഒടിയുകയും സിദ്ദിഖിന്റെ ഇടതുകാല്‍ മുട്ടിനുമുകളില്‍വെച്ച് ഒടിയുകയും കാലിലെ എല്ല് പുറത്തേക്കു വരുകയുംചെയ്തു. അലിയാരുടെ വലതുകാലിലെ മുട്ടിനുതാഴെ ആഴത്തിലുള്ള മുറിവേറ്റു. പത്തടിയോളം നീളമുള്ള ഗ്രാനൈറ്റ് പാളികളാണ് തൊഴിലാളികളുടെ ശരീരത്തിലേക്കു പതിച്ചത്.
പത്തടിയോളം നീളവും ഒന്നരയടി വീതിയുമുള്ള 70 ഗ്രാനൈറ്റ് പാളികളാണ് ബെംഗളൂരൂവില്‍ നിന്നെത്തിച്ചത്. ലോറിയുടെ ഒരുവശത്ത് അടുക്കിയിരുന്ന കെട്ട് പൊട്ടിച്ച് ഇവ മറിക്കാന്‍ ശ്രമിച്ചപ്പോള്‍ ആ കെട്ടിലുണ്ടായിരുന്ന പത്തോളം ഗ്രാനൈറ്റുകള്‍ ഇവരുടെ ദേഹത്തേക്കു പതിക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുക്കുമെന്നും തൊഴിലാളികളുടെ എണ്ണക്കുറവും വൈദഗ്ധ്യമില്ലാത്തതുമാണ് അപകടത്തിനിടയാക്കിയതെന്നും വിഴിഞ്ഞം പോലീസ് പറഞ്ഞു.