
വാക്കുതർക്കത്തിന് പിന്നാലെ ഭാര്യയുടെ തലവെട്ടി സൈക്കിളിന്റെ മുന്നിലെ കുട്ടയിലിട്ടു പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി ഭര്‍ത്താവ്. ബിതിഷ് ഹജോങ് എന്ന അറുപതുകാരനാണ് കേസിലെ പ്രതി. അസമിലെ ചിരാങ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്.
ഭാര്യയും ഭര്‍ത്താവും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് ക്രൂര കൊലപാതകത്തിലേക്ക് നയിച്ചത്. നിസ്സാരകാര്യങ്ങളെ ചൊല്ലി ഇവര്‍ വഴക്കുണ്ടാകുന്നത് പതിവാണെന്ന് അയല്‍ക്കാര്‍ പറയുന്നു. ശനിയാഴ്ച രാത്രി ഇവര്‍ തമ്മിലുള്ള വഴക്ക് മൂര്‍ച്ഛിച്ചപ്പോള്‍ ഭാര്യ ബജന്തിയുടെ തല ഇയാള്‍ വെട്ടിയെടുക്കുകയായിരുന്നു. രക്തം വാര്‍ന്നൊഴുകുന്ന തലയെടുത്ത് ബിതിഷ് സൈക്കിളിന്റെ മുന്നിലുള്ള കുട്ടയിലിട്ട ശേഷം ഇതുമായി നേരെ ബല്ലംഗുരി ഔട്ട്‌പോസ്റ്റിലുള്ള പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ബിതിഷിനും ബജന്തിയ്ക്കും രണ്ട് പെണ്‍മക്കളാണുള്ളത്. ഇവരുടെ മുന്നില്‍വച്ചാണ് കൊലപാതകം നടത്തിയത്. ബജന്തിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണെന്നും ദൃക്‌സാക്ഷികളായ രണ്ടു മക്കളുടെയും മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും പോലീസ് പറയുന്നു. ബി.എന്‍.എസ് 103 വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.