വയനാട്: വയനാട് കണിയാമ്പറ്റയിൽ വിദ്യാർഥിനിയെ തെരുവുനായക്കൂട്ടം ആക്രമിച്ചു. വ്യാഴാഴ്ച രാവിലെ മദ്രസയിലേക്ക് പോയ പന്ത്രണ്ടുകാരിയായ ദിയ ഫാത്തിമയെയാണ് തെരുവുനായക്കൂട്ടം ആക്രമിച്ചത്.
ഗുരുതരമായി പരുക്കേറ്റ കുട്ടിയെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ 6.15 ന് സഹോദരിക്കൊപ്പം പളളിത്താഴയിൽ മദ്രസയിലേക്ക് പോവുകയായിരുന്ന ദിയ ഫാത്തിമയെ പതിനാറിലധികം തെരുവുനായകൾ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.
തലയ്ക്കും കൈയ്ക്കും പുറത്തുമായി മുപ്പതോളം കടിയേറ്റിട്ടുണ്ട്. കുട്ടിയുടെ ശബ്ദം കേട്ട് ഓടികൂടിയ നാട്ടുകാരാണ് തെരുവുനായ്ക്കളെ ഓടിച്ചതും കുട്ടിയെ ആശുപത്രിയിലെത്തിച്ചതും.