
വയോധികന് നേരെ ഡോക്ടറുടെ അതിക്രമം. ഉദ്ദവ്‌ലാല്‍ ജോഷി എന്ന 77-കാരനാണ് അതിക്രമത്തിനിരയായായത്. ഭാര്യയുടെ ചികിത്സാര്‍ഥം ആശുപത്രിയിലെത്തിയതായിരുന്നു ഉദ്ദവ്‌ലാല്‍ ജോഷി. ഇദ്ദേഹത്തെ ഡോക്ടര്‍ മര്‍ദ്ദിക്കുകയും നിര്‍ദ്ദാക്ഷിണ്യം ആശുപത്രി വരാന്തയിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. ആ സമയത്ത് ആശുപത്രിയില്‍ ഉണ്ടായിരുന്ന ആരോ ഫോണില്‍ പകര്‍ത്തിയ വീഡിയോ ദൃശ്യം സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തെത്തിയത്. ഏപ്രില്‍ 17 ന് മധ്യപ്രദേശ് ഛത്തര്‍പുരിലെ ആശുപത്രിയിലായിരുന്നു സംഭവം.
ഭാര്യയെ ഡോക്ടറെ കാണിക്കുന്നതിനായി വരി നില്‍ക്കുകയായിരുന്നു താനെന്ന് ഉദ്ദവ്‌ലാല്‍ പറഞ്ഞു. അതിനിടെ അവിടെയെത്തിച്ചേര്‍ന്ന ഡോക്ടര്‍ രോഗികളുടെ നീണ്ട നിര കണ്ട് അസ്വസ്ഥനാകുകയും ദേഷ്യം പ്രകടിപ്പിക്കുകയും തന്നോട് എന്തിനാണ് അവിടെ നില്‍ക്കുന്നതെന്ന് ചോദിച്ചതായും അദ്ദേഹം പറഞ്ഞു. എന്തിനാണ് ആശുപത്രിയിലെത്തിയതെന്ന് വ്യക്തമാക്കാന്‍ തുടങ്ങിയ തന്നെ ഡോക്ടര്‍ തൊഴിയ്ക്കുകയും നിലതെറ്റി താഴെവീണ ആശുപത്രി പരിസരത്തുണ്ടായിരുന്ന പോലീസ് ഔട്ട്‌പോസ്റ്റിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്തതായി ഉദ്ദവ്‌ലാല്‍ കൂട്ടിച്ചേര്‍ത്തു. ഡോക്ടറുടെ ആക്രമണത്തില്‍ തന്റെ കണ്ണട പൊട്ടിയതായും തന്റെ ഭാര്യയ്ക്കും മര്‍ദ്ദനമേറ്റതായും ഉദ്ദവ്‌ലാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഉദ്ദവ്‌ലാലിനോട് ഡോക്ടര്‍ നിര്‍ദ്ദയമായി പെരുമാറുന്നത് വ്യക്തമായി കാണാം. ഡോക്ടറും മറ്റാരാളും ചേര്‍ന്ന് പ്രായമേറിയ മനുഷ്യനെ വലിച്ചിഴച്ച് കൊണ്ടുപോകുന്നത് കാണാം. പോലീസ് ഔട്ട്‌പോസ്റ്റിന്റെ വാതില്‍ക്കലെത്തിച്ച ശേഷം ഉദ്ദവ്‌ലാലിനെ കാലുകൊണ്ട് തൊഴിച്ച് അതിനുള്ളിലേക്കാക്കുന്നതും കാണാം.
സംഭവത്തെ തുടര്‍ന്ന് ആശുപത്രിയിലുണ്ടായിരുന്നവര്‍ പ്രതികരിക്കുന്ന ഘട്ടത്തിലെത്തിയതോടെ ഡോക്ടര്‍ സ്ഥലം വിട്ടു. ഇത്തരമാരു സംഭവമുണ്ടായതായി ആശുപത്രിയിലെ സിവില്‍ സര്‍ജന്‍ ഡോ. ജി.എല്‍. ആഹിര്‍വാര്‍ സ്ഥിരീകരിച്ചു. രോഗിയുടെ പെരുമാറ്റം മോശമായതോടെയാണ് താന്‍ പ്രതികരിച്ചതെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞതെന്നും എന്നാല്‍ വീഡിയോ കണ്ടതോടെ ഡോക്ടറുടെ ഭാഗത്താണ് പിഴവെന്ന് തിരിച്ചറിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഒരു ഡോക്ടറുടെ ഭാഗത്തുനിന്ന് ഒരിക്കലും ഇത്തരത്തിലുള്ള പെരുമാറ്റം ഉണ്ടാകരുതെന്നും സംഭവത്തെ കുറിച്ചുള്ള വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.