ഫ്രാൻസിസ് മാർപ്പാപ്പ കാലം ചെയ്തു

 

ഫ്രാൻസിസ് മാർപ്പാപ്പ കാലം ചെയ്തു. 88 വയസായിരുന്നു. ഫെബ്രുവരി 14 മുതല്‍ അദ്ദേഹം വത്തിക്കാനിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് 88കാരനായ മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന്റെ രണ്ട് ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചതായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി പോപ്പ് ഫ്രാന്‍സിസിന്റെ ആരോഗ്യനില മോശമായിരുന്നു. ചെറുപ്രായത്തില്‍ തന്നെ അദ്ദേഹത്തിന് പ്ലുറസി (ശ്വാസകോശത്തിന്റെ ആവരണത്തെ ബാധിക്കുന്ന അസുഖം) ബാധിച്ചതിനെ തുടര്‍ന്ന് ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തിട്ടുണ്ട്.

2013 ലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പദവി ഏറ്റെടുത്തത്. ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ രാജിവെച്ചതിനെ തുടര്‍ന്നായിരുന്നു അത്.

ആരാണ് ഫ്രാന്‍സിസ് മാര്‍പാപ്പ?

1936 ഡിസംബര്‍ 16ന് അര്‍ജന്റീനയിലെ ബ്യൂണസ് ഐറീസിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ജനിച്ചത്. ഇറ്റാലിയന്‍ കുടിയേറ്റ ദമ്പതികളുടെ മകനായ ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് ജോര്‍ജ് മരിയോ ബെര്‍ഗോഗ്ലിയോ എന്നാണ്. ക്രൈസ്തവ ജനതയുടെ ആത്മീയ നേതാവു കൂടിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യാത്ര

തെക്കേ അമേരിക്കയില്‍ നിന്ന് മാര്‍പാപ്പ പദവിയിലെത്തുന്ന ആദ്യത്തെയാളാണ് പോപ് ഫ്രാന്‍സിസ്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇറ്റാലിയന്‍ പുരോഹിതനായ വിശുദ്ധ ഫ്രാന്‍സിസ് അസീസിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട അദ്ദേഹം ഫ്രാന്‍സിസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു.


കെമിക്കല്‍ ടെക്‌നീഷ്യനായി ബിരുദം പൂര്‍ത്തിയാക്കിയ അദ്ദേഹം വൈദികവൃത്തിയുടെ പാത തിരഞ്ഞെടുത്തു. പിന്നീട് വൈദിക പഠനത്തിനായി വില്ല ഡെവോട്ടോ സെമിനാരിയില്‍ പ്രവേശിച്ചു. 1958 മാര്‍ച്ച് 11ന് അദ്ദേഹം സൊസൈറ്റി ഓഫ് ജീസസ് നൊവിഷ്യേറ്റില്‍ പ്രവേശിച്ചു. 1963ല്‍ ചിലിയിലെ പഠനം പൂര്‍ത്തിയാക്കി അദ്ദേഹം അര്‍ജന്റീനയിലേക്ക് മടങ്ങി.

തിരിച്ചെത്തിയ അദ്ദേഹം 1964 മുതല്‍ 1965 വരെ സാന്റാ ഫെയിലെ ഇമാകുലേറ്റ് കണ്‍സെപ്ക്ഷന്‍ കോളേജില്‍ സാഹിത്യം, സൈക്കോളജി എന്നീ വിഷയങ്ങള്‍ പഠിപ്പിക്കാന്‍ തുടങ്ങി. 1966ല്‍ ബ്യൂണസ് ഐറീസിലെ കൊളിജിയോ ഡെല്‍ സാല്‍വറ്റോറില്‍ അധ്യാപകനായി ജോലി ചെയ്തു. 1967-70 കാലഘട്ടത്തിൽ അദ്ദേഹം തിയോളജി പഠിക്കുകയും സാന്‍ ജോസിലെ കൊളിജിയോയില്‍ നിന്ന് ബിരുദം നേടുകയും ചെയ്തു

1969 ഡിസംബര്‍ 13ന് അദ്ദേഹം ആര്‍ച്ച് ബിഷപ്പ് റാമോണ്‍ ജോസ് കാസ്റ്റെല്ലാനോയില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. 1970-71 കാലങ്ങളിലായി വൈദികനായി പരിശീലനം നേടുകയും ചെയ്തു.

1973 ജൂലൈ 31ന് ജെസ്യൂട്ട് സഭയുടെ അര്‍ജന്റീനയിലെ പ്രൊവിഷ്യല്‍ ആയി അദ്ദേഹം നിയമിതനായി. പിന്നീട് ആറ് വര്‍ഷത്തോളം അദ്ദേഹം ഈ പദവിയില്‍ തുടര്‍ന്നു. പിന്നീട് അദ്ദേഹം അക്കാദമിക രംഗത്ത് തന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. 1980 മുതല്‍ 1986 വരെ അദ്ദേഹം സാന്‍ മിഗുവലില്‍ കൊളിജിയോ ഡി സാന്‍ ജോസിന്റെ റെക്ടറായും ഇടവക പുരോഹിതനായും സേവനമനുഷ്ടിച്ചു

1986 മാര്‍ച്ചില്‍ ഡോക്ടറേറ്റ് ബിരുദം പൂര്‍ത്തിയാക്കാനായി അദ്ദേഹം ജര്‍മനിയിലേക്ക് പോയി. അതിന് ശേഷം ബ്യൂണസ് ഐറീസിലെ കൊളിജിയോ ഡെല്‍ സാല്‍വദോറിലേക്ക് അദ്ദേഹം നിയമിക്കപ്പെട്ടു. 1992 മെയ് 27ന് മെത്രാന്‍ പദവി സ്വീകരിച്ചു.

1993 ഡിസംബര്‍ 21ന് ഫ്‌ളോറസ് ഡിസ്ട്രിക്റ്റിന്റെ എപ്പിസ്‌കോപ്പല്‍ വികാരിയായി നിയമിതനായി. തൊട്ടുപിന്നാലെ അതിരൂപതയുടെ വികാരി ജനറല്‍ ഓഫീസിന്റെ ചുമതലയും അദ്ദേഹത്തിന് ലഭിച്ചു. 1997 ജൂണ്‍ 3ന് അദ്ദേഹത്തെ ബ്യൂണസ് ഐറീസിലെ കോഡ്ജൂറ്റര്‍ ആര്‍ച്ച് ബിഷപ്പായി ഉയര്‍ത്തി. 1998 ഫെബ്രുവരി 28ന് അദ്ദേഹത്തെ കര്‍ദിനാളായി നിയമിക്കുകയും ചെയ്തു.

2001 ഫെബ്രുവരി 21ന് റോമിലെ പള്ളിയായ സാന്‍ റോബര്‍ട്ടോ ബെല്ലാര്‍മിനോയുടെ പുരോഹിതനായി അദ്ദേഹം നിയമിക്കപ്പെട്ടു. അതേ വര്‍ഷം ഒക്ടോബറില്‍ എപ്പിസ്‌കോപ്പല്‍ മിനിസ്ട്രിയിലെ ബിഷപ്പുമാരുടെ സിനഡിന്റെ 10-ാമത് ഓര്‍ഡിനറി ജനറല്‍ അസംബ്ലിയുടെ ജനറല്‍ റിലേറ്ററായി അദ്ദേഹം നിയമിതനായി. 2005ല്‍ അര്‍ജന്റീനിയന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സിന്റെ പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 2008-ല്‍ അദ്ദേഹം വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മൂന്ന് വര്‍ഷം കൂടി ആ പദവിയില്‍ തുടര്‍ന്നു. 2013 മാര്‍ച്ച് 13-ന് 76-ആം വയസില്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യത്തെ പോപ്പായി അദ്ദേഹം കോണ്‍ക്ലേവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
Previous Post Next Post