മാഹി: അമിതവേഗം ചോദ‍്യം ചെയ്തതിന് ഓട്ടോറിക്ഷ ഡ്രൈവറെ മർദിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പ്രതി ഷബിനാണ് അറസ്റ്റിലായത്.
കണ്ണൂർ ന‍്യൂ മാഹിയിലെ പെരിങ്ങാടിയിൽ കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു സംഭവം. പെരിങ്ങാട് സ്വദേശി രാകേഷിനാണ് മർദനമേറ്റത്. പരുക്കേറ്റ രാകേഷ് തലശേരി കോപ്പറേറ്റീവ് ആശുപത്രിയിൽ ചികിത്സയിലാണ്.
കുടുംബവുമൊത്ത് മാഹിയിലേക്ക് പോവുകയായിരുന്നു രാകേഷ്. ഇതിനിടെയാണ് പെരിങ്ങാടി റെയിൽവേ ഗേറ്റിന് സമീപത്ത് വച്ച് മുഹമ്മദ് ഷബിൻ സ്കൂട്ടറിൽ പാഞ്ഞെത്തിയത്.
എന്നാൽ അമിതവേഗത കണ്ട് പതുക്കെ പൊയ്ക്കൂടെയെന്ന് ചോദിച്ച രാകേഷിനെ പ്രതി അസഭ‍്യം പറയുകയും പിന്നാലെ ആക്രമിക്കുകയായിരുന്നു.
ഓട്ടോ റിക്ഷയുടെ ചില്ലും അടിച്ചു തകർത്തിരുന്നു. പിടിച്ചുമാറ്റാനെത്തിയ പ്രദേശവാസികളിലൊരാളെ മർദിക്കുകയും ചെയ്തു.
വ‍്യക്ക രോഗിയായ രാകേഷ് രണ്ടു വർഷത്തോളമായി ഡയാലിസിസ് ചെയ്തുവരുകയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.