അവിടെ പാർട്ടി കോൺഗ്രസ്, ഇവിടെ കൂട്ടരാജി… ആലപ്പുഴയിൽ സിപിഎമ്മുകാർ പാർട്ടി വിട്ടതിന് കാരണം…





ആലപ്പുഴ: മധുരയിൽ സിപിഎം പാർട്ടി കോൺഗ്രസ് നടക്കുന്നതിനിടെ ആലപ്പുഴയിലെ സിപിഎമ്മിൽ കൂട്ടരാജി. തുമ്പോളി ലോക്കൽ കമ്മിറ്റിക്ക് കീഴിലുള്ള നാല് ബ്രാഞ്ച് സെക്രട്ടറിമാരുടെ നേതൃത്വത്തിലാണ് സിപിഎം പ്രവർത്തകർ പാർട്ടി വിട്ടത്. ബ്രാഞ്ച് സെക്രട്ടറിമാരായ സെബാസ്റ്റ്യൻ (തുമ്പോളി നോർത്ത് ബി), കരോൾ വോയ്റ്റീവ (തുമ്പോളി സെന്റർ), ജീവൻ (മംഗലം), ജോബിൻ (മംഗലം സൗത്ത് ബി) എന്നിവരാണ് രാജികത്ത് നൽകിയത്. ഇവരെ കൂടാതെ 56 പാർട്ടി മെമ്പർമാരും രാജിവെച്ചു. നേരത്തേ മറ്റൊരു ബ്രാഞ്ച് സെക്രട്ടറി സിപിഐയിൽ ചേർന്നിരുന്നു.

പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകളാണ് പൊട്ടിത്തെറിയിലെത്തിയത്. നേതൃത്വത്തിനു നൽകിയ പരാതിയിൽ അഞ്ചു മാസമായിട്ടും നടപടിയുണ്ടായില്ലെന്ന് പാർട്ടി വിട്ടവർ ചൂണ്ടിക്കാട്ടുന്നു. വിവിധ സംഘടനാ പ്രശ്നങ്ങൾ ഉന്നയിച്ച് ഒക്ടോബറിലാണ് പ്രവർത്തകർ പാർട്ടി നേതൃത്വത്തിനു പരാതി നൽകിയത്. അംഗത്വ സൂക്ഷ്മപരിശോധനയിൽ കൃത്രിമം നടന്നെന്നായിരുന്നു പ്രധാന പരാതി. നേതൃത്വത്തെ വിമർശിക്കുന്നവരെ ഒഴിവാക്കാൻ ചില ബ്രാഞ്ചുകളിൽ സൂക്ഷ്മപരിശോധന നടത്തിയില്ലെന്ന് രാജിവച്ചവർ ആരോപിക്കുന്നു. ഇങ്ങനെ നഗരസഭാ കൗൺസിലർ ഉൾപ്പെടെ 11 പേരെ അംഗത്വത്തിൽനിന്ന് ഒഴിവാക്കി.

പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിനു പുറത്താക്കിയ ആളെ എതിർപ്പു വകവയ്ക്കാതെ ലോക്കൽ കമ്മിറ്റി അംഗമാക്കി. രണ്ടു തിരഞ്ഞെടുപ്പുകളിൽ പാർട്ടി സ്ഥാനാർഥിയെ തോൽപിക്കാൻ ശ്രമിക്കുകയും പി.പി.ചിത്തരഞ്ജൻ എംഎൽഎയെ പരസ്യമായി അസഭ്യം പറയുകയും ചെയ്തയാളെയാണ് ഒരു വിഭാഗം നേതാക്കൾ ഇടപെട്ടു വീണ്ടും ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതെന്നാണ് ആരോപണം. ഇതേപ്പറ്റി സംസ്ഥാന നേതൃത്വത്തിനു നൽകിയ പരാതിയിൽ ജില്ലാ കമ്മിറ്റി ഇടപെട്ടിട്ടും പരിഹാരമുണ്ടായില്ലെന്നാണ് രാജിവച്ചവർ പറയുന്നത്.
Previous Post Next Post