മാളയില്‍ ആറ് വയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ തെളിവെടുപ്പിനിടെ പ്രതിക്കെതിരെ ആക്രോശിച്ച് പാഞ്ഞടുത്ത് ജനക്കൂട്ടം. കുട്ടിയെ കൊലപ്പെടുത്തിയ കുളത്തിലും പരിസര പ്രദേശങ്ങളിലുമായിരുന്നു തെളിവെടുപ്പ് നടന്നത്. പ്രതിയെ എത്തിക്കുമെന്നറിഞ്ഞ് വന്‍ ജനക്കൂട്ടം പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. പ്രതിയുമായി പൊലീസ് എത്തിയപ്പോള്‍ ജോജോയെ തങ്ങള്‍ക്ക് വിട്ടുനല്‍കണമെന്നായിരുന്നു ജനങ്ങളുടെ ആവശ്യം.
ഇന്ന് ഉച്ചയോടെയാണ് പ്രതി ജോജോയുമായി പൊലീസ് കുഴൂരില്‍ തെളിവെടുപ്പിന് എത്തിയത്. വന്‍ പൊലീസ് സന്നാഹം പ്രതിക്കൊപ്പമുണ്ടായിരുന്നു. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ചതോടെ ജനങ്ങള്‍ പാഞ്ഞടുത്തു. പ്രതിയെ തങ്ങള്‍ക്ക് വിട്ടു നല്‍കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു. പൊലീസ് സംരക്ഷണ കവചം ഒരുക്കിയാണ് ജനങ്ങള്‍ക്കിടയില്‍ നിന്ന് പ്രതിയുമായി നീങ്ങിയത്. ഇതിനിടെ പ്രതി ജനങ്ങളെ നോക്കി പുഞ്ചിരിച്ചു. ഇത് ജനക്കൂട്ടത്തെ കൂടുതല്‍ പ്രകോപിതരാക്കി. തെളിവെടുപ്പിനിടെ കുഞ്ഞിനെ എങ്ങനെ കൊലപ്പെടുത്തിയെന്ന് പ്രതി വിശദീകരിച്ചു.