
ആദിവാസി വിഭാഗത്തില്‍പ്പെട്ട സ്ത്രീയെ പട്ടാപ്പകല്‍ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. താമരശ്ശേരി ഈങ്ങാപ്പുഴ സ്വദേശി കക്കാട് ലത്തീഫിനെയാണ് ജയിലിലടച്ചത്. താമരശ്ശേരി പുതുപ്പാടിയില്‍ കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് ആക്രമണം നടന്നത്. വീടിനുള്ളില്‍ അതിക്രമിച്ച് കയറിയ ലത്തീഫ് ലൈംഗിക ഉദ്ദേശത്തോടെ കടന്നുപിടിക്കുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് കേസ്.
ഇയാളെ തള്ളിമാറ്റിയ സ്ത്രീ വീടിന് പുറത്തിറങ്ങി ഓടുകയായിരുന്നു. ഇവരെ പിന്തുടര്‍ന്ന പ്രതി വഴിയില്‍ വച്ചും ഉപദ്രവിക്കാന്‍ ശ്രമിച്ചതായി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പിന്നീട് താമരശ്ശേരി പൊലീസ് ലത്തീഫിനെ പിടികൂടുകയും താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിന് മുന്‍പാകെ ഹാജരാക്കുകയുമായിരുന്നു.