കാസർഗോഡ്: രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെയും 'എന്റെ കേരളം' പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം കാസർഗോഡ് കാലിക്കടവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
കേരളീയരാകെ ശപിച്ചുകൊണ്ടിരുന്ന ഒരു കാലത്തിന് അറുതി വരുത്തിക്കൊണ്ടാണ് എൽഡിഎഫ് അധികാരത്തിൽ വന്നതെന്നും മറ്റ് പ്രദേശത്തെ വികസനം ഈ നാടിനും വേണമെന്നും മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞു. ജനം ഏൽപ്പിച്ച ദൗത്യം നിറവേറ്റാൻ തുടങ്ങിയപ്പോൾ നിരവധി പ്രതിസന്ധികളുണ്ടായി. പ്രകൃതി ദുരന്തം, പകർച്ചവ്യാധി എന്നിവ വെല്ലുവിളികളായിരുന്നു. പ്രതിസന്ധി ഘട്ടത്തിൽ സർക്കാരിനൊപ്പം നിന്ന് അതിജീവനത്തിന് കരുത്തുപകരേണ്ട പ്രതിപക്ഷം കേന്ദ്ര സർക്കാരിനൊപ്പമാണ് നിൽക്കുന്നതെന്നു മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഈ സർക്കാർ അധികാരത്തിലെത്തുമ്പോൾ ക്ഷേമ പെൻഷൻ 18 മാസം കുടിശികയായിരുന്നു. ഇപ്പോൾ 1,600 രൂപ വീതം 60 ലക്ഷം പേർക്ക് കൊടുക്കുന്നു. കിടപ്പാടം സ്വപ്നം കണ്ട ആളുകൾക്ക് ലൈഫ് മിഷനിലൂടെ നാലര ലക്ഷം വീടുകൾ കൊടുത്തു. ഗെയിൽ പൈപ്പ് ലൈൻ, ഇടമൺ- കൊച്ചി ഹൈവേ, മലയോര ഹൈവേ, തീരദേശ ഹൈവേ അങ്ങനെ എന്തെല്ലാം പദ്ധതികൾ യാഥാർഥ്യമായി- മുഖ്യമന്ത്രി ചോദിച്ചു.
മന്ത്രിമാരായ കെ. രാജൻ, കെ.എൻ. ബാലഗോപാൽ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, വി. അബ്ദുറഹ്മാൻ, എംഎൽമാരായ ഇ. ചന്ദ്രശേഖരൻ, സി.എച്ച്. കുഞ്ഞമ്പു, എം. രാജഗോപാലൻ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സംസ്ഥാനത്ത് മെയ് 30 വരെയാണ് സർക്കാരിന്റെ വാർഷികാഘോഷം. എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗവും പ്രദർശന വിപണന മേളയുമുണ്ടാകും. തിരുവനന്തപുരത്താണ് സമാപനം.