പാമ്പാടി : കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ നേതൃത്വത്തിൽ കുറ്റിക്കൽ നേറ്റീവ് ബോൾക്ലബ്ബ് കുറ്റിക്കൽ സെന്റ് തോമസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ ഒന്നരമാസമായി നടത്തിവന്നിരുന്ന നാടൻ പന്തുകളി മത്സരത്തിന്റെ ഫൈനലിൽ മീനടം അഞ്ചേരിയെ പരാജയപ്പെടുത്തി മൂലശേരിൽ ഫീലിപ്പോസ് ഉമ്മൻ എവർറോളിംഗ് ട്രോഫിയും പി.എച്ച് കുര്യൻ, ജോസ് കോഴിവള്ളി ൽ, ജൂനിയർ ബസേലിയോസ് സ്കൂൾ, സതേൺ ബ്രിക്‌സ് എന്നിവർ ചേർന്നു നൽകിയ 25,001/- രൂപ ക്യാഷ് അവാർഡും നേടി. രണ്ടാം സ്ഥാനക്കാരായ അഞ്ചേരി പച്ചിലക്കാട്ട് പി. ഇ ഉലഹന്നാൻ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്കും ക്യാപ്പിറ്റൽ ബസുമതി റൈസ് നൽകിയ 15,001/- രൂപ ക്യാഷ് അവാർഡിനും അർഹരായി . മികച്ച കളിക്കാരനായി മീനടത്തിന്റെ നന്ദനും, മികച്ച പിടുത്തക്കാരനായി കുമാരനെല്ലൂരിന്റെ മണിക്കുട്ടനും, മികച്ച കൈവെട്ടുകാരനായി മീനടത്തിന്റെ ഹരീഷും, മികച്ച കാലടികാരനായി അഞ്ചേരിയുടെ അനലും മികച്ച പൊക്കി വെട്ടുകാരനായി തോട്ടയ്ക്കാടിന്റെ സ്റ്റെഫിനും തെരഞ്ഞെടുക്കപ്പെട്ടു. ജോണി ചിങ്ങംകുഴിയാണ് മികച്ച ആസ്വാദകൻ. ക്ലബ്ബ് പ്രസിഡന്റ് ജിജി ജോണിന്റെ അധ്യക്ഷതയിൽ ചേർ ന്ന യോഗത്തിൽ വിജയികൾക്ക് അഡ്വ. ചാണ്ടി ഉമ്മൻ എം.എൽ.
എ ട്രോഫികളും ക്യാഷ് അവാർഡുകളും വിതരണം ചെയ്യുകയും അഞ്ച് ദശാബ്ദകാലമായി നാടൻ പന്ത് നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കരിപ്പാൻ കുഞ്ഞുമോനെയും പഴയകാല കളിക്കാരെയും ആദരിക്കുകയും ചെയ്തു. ജൂനിയർ ബസേലിയോസ് സ്കൂൾ മാനേജർ അഡ്വ. സിജു.കെ.ഐസക്ക് ഗ്രാമപഞ്ചായത്ത് മെമ്പർ കെ. കെ.ബാബു, നേറ്റീവ് ബോൾ ഫെഡറേഷൻ രക്ഷാധികാരി സതീഷ് വർക്കി, പ്രസിഡന്റ് സന്ദീപ്.കെ. എസ്, സെക്രട്ടറി ബബിലു, ക്ലബ്ബ് സെക്രട്ടറി ജോൺസൺ ജോസ്, ട്രഷറർ ശരത് കുമാർ സി. എ, ജദീഷ്.കെ ഏബ്രഹാം, മോനായി എന്നിവർ പ്രസംഗിച്ചു.