വടക്കേ ഇന്ത്യയില്‍ ക്രൈസ്തവര്‍ ഹിന്ദുത്വ ശക്തികളാല്‍ അതിക്രൂരമായി അക്രമിക്കപ്പെടുമ്പോള്‍ ദേശീയ പ്രാധാന്യമുള്ള ഒരു ന്യൂനപക്ഷത്തിന്റെ വിഷയത്തെ പ്രാദേശിക വിഷയം ചൂണ്ടിക്കാട്ടി പിന്തുണയ്ക്കുന്നത് ശരിയല്ല. പരിഷ്‌കരണത്തിന്റെ പേര് പറഞ്ഞ് വേഷം മാറിയെത്തിയ നിയമം സിബിസിഐ കത്തിലൂടെ അപകടത്തിലാക്കുകയാണ് ചെയ്തത്. ഒരു ന്യൂനപക്ഷത്തിലേക്കുള്ള കടന്നുകയറ്റം താമസിയാതെ ക്രിസ്ത്യാനികള്‍ ഉള്‍പ്പടെ മറ്റ് ന്യൂനപക്ഷങ്ങളിലേക്ക് എത്തുമെന്ന് കത്തിലൂടെ മുന്നറിയിപ്പ് നല്‍കുന്നു.
ബിജെപി ഭരിക്കുന്ന വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ക്രൈസ്തവര്‍ വ്യാപകമായി അക്രമിക്കപ്പെടുമ്പോള്‍ കേരളത്തിലെ കത്തോലിക്ക മെത്രാന്‍ സമിതി നിഷ്‌ക്രിയരും നിശബ്ദരുമായിരിക്കുന്നതില്‍ ദേശീയ തലത്തില്‍ സഭാ നേതൃത്വങ്ങള്‍ അസ്വസ്ഥരാണ്. പ്രത്യേകിച്ചും ലത്തീന്‍ കത്തോലിക്ക സഭാ വിഭാഗം. പിന്നോക്കക്കാരും പാവപ്പെട്ടവരുമായ ആദിവാസികളാണ് ലത്തീന്‍ സഭയില്‍പ്പെട്ട വിശ്വാസികളിലേറെയും. ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാദര്‍ സ്റ്റാന്‍ സ്വാമിയെ യുഎപിഎ ചുമത്തിയതിനെ തുടര്‍ന്ന് അദ്ദേഹം ജയിലില്‍ കിടന്ന് മരിച്ച സംഭവത്തില്‍ പോലും കേരളത്തിലെ കത്തോലിക്ക സഭകളില്‍ നിന്ന് കാര്യമായ പ്രതിഷേധം ഉണ്ടായില്ല. കേരളത്തിലെ സിറോ മലബാര്‍ സഭ ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ വടക്കേ ഇന്ത്യയിലെ ലത്തീന്‍ സഭാ നേതൃത്വത്തിന് കടുത്ത അമര്‍ഷമുണ്ടെന്നാണ് തുറന്ന കത്ത് സൂചിപ്പിക്കുന്നത്.
കേരളത്തിലെ കത്തോലിക്കാസഭ നേതൃത്വം സംഘപരിവാര്‍ രാഷ്ട്രീയത്തോട് അനുഭാവം കാണിക്കുന്നതിന് പല കാരണങ്ങളുണ്ട്. ഒന്ന്, ആഗോള വ്യാപകമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇസ്‌ലാമിന്റെ വളര്‍ച്ച ക്രൈസ്തവ മതത്തെയും ക്രൈസ്തവ ഭരണകൂടങ്ങളെയും പ്രതിസന്ധിയിലാക്കും എന്ന ചിന്ത. മറ്റൊന്ന്, ഏറെ സ്ഥാവരജംഗമ വസ്തുക്കള്‍ കൈയവകാശമുള്ള മതസ്ഥാപനം എന്ന നിലയില്‍ ഉണ്ടായേക്കാവുന്ന തിരിച്ചടി സംബന്ധിച്ചുള്ള ആകുലത. ഇതിനേക്കാളെല്ലാമുപരി സഭാനേതൃത്വം അകപ്പെട്ടിരിക്കുന്ന അഴിമതിയും കുംഭകോണവും സൃഷ്ടിച്ചേക്കാവുന്ന അപകടവും. സഭയുടെ മുന്നിലുള്ള ഈ പ്രതിസന്ധികളില്‍ നിന്ന് രക്ഷപ്പെടാന്‍ സംഘപരിവാറിനൊപ്പം നില്‍ക്കലാണ് ബുദ്ധിയെന്ന് കേരളത്തിലെ കത്തോലിക്കാസഭ നേതൃത്വത്തിന് തോന്നുന്നു.
ഇതിന്റെ പ്രശ്‌നം, കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ഇതര ക്രൈസ്തവസഭാ സമൂഹങ്ങളും ഇക്കാര്യത്തില്‍ കത്തോലിക്കാസഭയോട് ഒപ്പമാണെന്ന പ്രതീതി സൃഷ്ടിക്കപ്പെടുന്നു. ചില സവര്‍ണ ക്രൈസ്തവരൊഴിച്ച് കേരളത്തിലെ മറ്റൊരു സഭാസമൂഹവും കത്തോലിക്കാസഭ പ്രചരിപ്പിക്കുന്ന സംഘപരിവാര്‍ അനുകൂല രാഷ്ട്രീയത്തോടൊപ്പം ഇല്ലാ എന്നതാണ് വാസ്തവം. ഇസ്‌ലാം ഉള്‍പ്പെടെയുള്ള സഹോദര മതസമൂഹങ്ങളോട് സഹവര്‍ത്തിത്വത്തില്‍ കഴിഞ്ഞുപോരുന്നവരും അത് തുടരാന്‍ ആഗ്രഹിക്കുന്നവരുമാണ് കേരളത്തിലെ ക്രൈസ്തവര്‍. അതുകൊണ്ടുതന്നെ കത്തോലിക്കാസഭയുടെ രാഷ്ട്രീയക്കളി മറ്റു ക്രിസ്തീയ സഭകളുടെ പേരില്‍ വേണ്ടായെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും വിനയരാജ് തന്റെ ലേഖനത്തില്‍ പറയുന്നുണ്ട്.
കത്തോലിക്ക സഭ നേതൃത്വത്തിന്റെ അഴിമതിയും കുംഭകോണങ്ങളും നിമിത്തമാണ് ബിജെപിക്ക് കീഴടങ്ങുന്നതെന്ന അതിരൂക്ഷമായ വിമര്‍ശനമാണ് വിനയരാജിന്റെ ലേഖനത്തിലുള്ളത്. വഖഫ് ബില്ലിന്റെ പേരില്‍ സിറോ മലബാര്‍സഭ ബിജെപിയുമായി അടുക്കുന്നതിനെതിരെ ഇതാദ്യമായാണ് ഇതര സഭയില്‍ പ്പെട്ട വൈദികന്‍ ഇത്ര ശക്തമായി പ്രതികരിക്കുന്നത്.