പാറശാല ആർടി ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ഒരാൾ അറസ്റ്റിൽ



പാറശാല ആർടി ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ഒരാൾ അറസ്റ്റിൽ. ഡ്രൈവിങ് സ്‌കൂളുകളിൽ നിന്ന് പണം സമാഹരിച്ച് ഉദ്യോഗസ്ഥർക്ക് നൽകുന്ന ജീവനക്കാരനാണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെയാണ് വിജിലൻസ് സംഘം എത്തിയത്. ഓഫീസിലെ നടപടികളെക്കുറിച്ച് മൂന്നുമാസം മുമ്പ് ലഭിച്ച പരാതികളിൽ വിശദമായ പരിശോധന നടത്തിയ ശേഷമാണ് സംഘം പരിശോധനയ്ക്കായി എത്തിയത്. ഫിറ്റ്നെസ് പരിശോധന മുതൽ ഡ്രൈവിങ് പരീക്ഷകൾക്കു വരെ ഒരുവിഭാഗം ഉദ്യോഗസ്ഥർ വൻതോതിൽ കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് പരാതി ലഭിച്ചിരുന്നു.

കൂടാതെ, കൈക്കൂലി സമാഹരിച്ച് കൈമാറുന്നതിനായി ഡ്രൈവിങ് സ്‌കൂൾ ജീവനക്കാരനെ ചുമതലപ്പെടുത്തിയിട്ടുള്ളതായും സൂചന കിട്ടിയിരുന്നു. പരിശോധന നടത്തുന്നതിനിടയിൽ 50,900 രൂപയുമായി ഇവിടെയെത്തിയ ഡ്രൈവിങ് സ്‌കൂൾ ജീവനക്കാരൻ സുരേന്ദ്രനെ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു. സുരേന്ദ്രന്‍റെ കൈവശമുണ്ടായിരുന്ന പണത്തെ സംബന്ധിച്ച് വിജിലൻസ് സംഘം ചോദ്യം ചെയ്‌തെങ്കിലും വ്യക്തമായ ഉത്തരം ലഭിച്ചില്ല. വിവിധ ഡ്രൈവിങ് സ്‌കൂളുകളിൽ നിന്ന് സമാഹരിച്ച് ഉദ്യോഗസ്ഥർക്ക് കൈമാറുന്നതിനായി കൊണ്ടുവന്ന പണമാണ് പിടികൂടിയതെന്ന് സംശയിക്കുന്നതായി വിജിലൻസ് സംഘം അറിയിച്ചു.

Previous Post Next Post