60 മണിക്കൂറിന് ശേഷം നടത്തുന്ന ശരീര സാംപിൾ പരിശോധനയിൽ നിന്ന് എന്തെങ്കിലും തെളിവ് കിട്ടാൻ ചാൻസ് കുറവാണ്. രക്തം, മൂത്രം, നഖം, മുടി, ഉമിനീര് എന്നിവയാണ് ശേഖരിച്ചത്. നഖം, മുടി എന്നിവയിൽ നിന്ന് തെളിവ് കിട്ടുമെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണക്കുകൂട്ടൽ. 2015ലെ കൊക്കെയ്ൻ കേസിൽ രക്തമൊഴികെ മറ്റൊന്നും എടുക്കാതിരുന്നതിനാൽ തെളിവില്ലാതെ ഷൈൻ ടോം ചാക്കോ അടക്കം പ്രതികൾ രക്ഷപെട്ടതിൻ്റെ അനുഭവം ഉള്ളതിനാൽ പോലീസ് കൂടുതൽ ജാഗ്രതയിലാണ്. എങ്കിലും സാഹചര്യ തെളിവായി പേരിനുപോലും ലഹരി കണ്ടെത്താതെ കേസെടുത്ത നടപടി തികഞ്ഞ സാഹസമാണെന്ന് തന്നെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ലഹരിസംഘവുമായുള്ള ഫോൺ കോളുകൾ കണ്ടെത്തിയെന്നാണ് കേസെടുക്കുമ്പോൾ പോലീസ് അറിയിച്ചത്. എന്നാൽ എൻഡിപിഎസ് കേസിൽ ഫോൺ വിളിയോ ചാറ്റോ തെളിവായി എടുക്കാൻ കഴിയില്ലെന്ന് ഹൈക്കോടതികളും സുപ്രീം കോടതികളും പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്. ലഹരിയിടപാടിനാണ് എന്ന് വ്യക്തമായി തെളിയാതെ അവരുമായി നടത്തുന്ന സാമ്പത്തിക ഇടപാട് പോലും തെളിവായി എടുക്കാൻ കഴിയില്ലെന്ന്, ഷാരൂഖ് ഖാൻ്റെ മകൻ ആര്യൻ ഖാൻ്റെ കേസിൽ ബോംബെ ഹൈക്കോടതിയും സുപ്രീം കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. ആര്യനെ കേസിൽ കുടുക്കിയ ഉദ്യോഗസ്ഥർക്കെതിരെ ഇതിൻ്റെ അടിസ്ഥാനത്തിൽ നടപടി പോലുമുണ്ടായി.
ഏറ്റവും പ്രധാനമായി പോലീസിൻ്റെ കൈവശമുള്ള ഷൈനിൻ്റെ മൊഴിക്ക് പോലും കോടതിയിൽ നിലനിൽപ് ഉണ്ടാകില്ല എന്നതാണ് വാസ്തവം. താൻ കഞ്ചാവും രാസലഹരികളും ഉപയോഗിച്ചിട്ടുണ്ട് എന്നും, ലഹരിവിമുക്തി കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു എന്നുമുള്ള ഏറ്റുപറച്ചിലാണ് ഇത്. ശരീര സാംപിളിൻ്റെ പരിശോധനയിൽ ലഹരി കണ്ടെത്തിയില്ലെങ്കിൽ പിന്നെ പ്രതിയുടെ ഇത്തരം കുറ്റസമ്മതത്തിന് പോലും എൻഡിപിഎസ് കേസിൽ വിലയില്ല എന്നതാണ് വാസ്തവം. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് കേസ് റദ്ദാക്കി കിട്ടുമെന്ന പ്രതീക്ഷയിൽ മുന്നോട്ട് പോകാൻ ഷൈൻ ഒരുങ്ങുന്നത്. ഇതിനായി തുടർച്ചയായി നിയമോപദേശം തേടുന്നുണ്ട്.
അതേസമയം ലഹരിക്കേസിനെ ആശ്രയിച്ചിരിക്കും വിൻസി അലോഷ്യസ് ഉന്നയിച്ച പരാതിയുടെ ഭാവിയും. ഇപ്പോൾ പോലീസ് എടുത്തിരിക്കുന്ന ലഹരിക്കേസ് കടുത്താൽ നടൻ്റെ അവസ്ഥ ദുർബലമാകും. അങ്ങനെ വന്നാൽ അപമര്യാദയായി പെരുമാറിയെന്ന നടിയുടെ പരാതിയിലും ഫോളോഅപ് ഉണ്ടാകും. അതോടെ ആർക്കും ഒരുവിധത്തിലും ഷൈനിനെ ന്യായീകരിക്കാൻ കഴിയാത്ത അവസ്ഥ വരും. ലഹരി ഉപയോഗം എല്ലാവർക്കും അറിയാമെങ്കിലും അതിൻ്റെ പേരിൽ കേസും പ്രശ്നങ്ങളും ഉണ്ടാകുന്നുവെന്ന് വന്നാൽ എല്ലാവരും കൈവിടും. ഇത്തരം വിഷയങ്ങളുടെ പേരിൽ അങ്ങനെയൊരു മാറ്റിനിർത്തൽ ഉണ്ടായാൽ പിന്നെ തിരിച്ചുവരവ് ബുദ്ധിമുട്ടായേക്കും.