ഡിജിറ്റല്‍ മോഷണങ്ങളെ പ്രതിരോധിക്കാന്‍ സാങ്കേതികമായും അല്ലാതെയും നിരവധി പരീക്ഷണങ്ങളാണ് വിവിധ ബാങ്കുകള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി എ.ടി.എമ്മുകള്‍ വഴി നടക്കുന്ന അനധികൃത ഇടപാടുകളുടെ എണ്ണം കുറയ്ക്കുന്നതിനായി ഡിസംബര്‍ ഒന്ന് മുതല്‍ പഞ്ചാബ് നാഷണല്‍ ബാങ്കും (പിഎന്‍ബി) ഒ.ടി.പി അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ സംവിധാനം അവതരിപ്പിക്കാന്‍ പോകുകയാണ്.
ഡിസംബര്‍ 1 മുതല്‍ ബാങ്ക് ഇടപാടുകള്‍ക്കായി ഒടിപി നല്‍കിയുള്ള എ.ടി.എം പിന്‍വലിക്കല്‍ ആരംഭിക്കും. എസ്.ബി.ഐ നേരത്തെ തന്നെ നടപ്പിലാക്കിയ സംവിധാനമാണിത്.
നിലവില്‍ രാത്രി 8 മുതല്‍ രാവിലെ 8 വരെ 10,000 രൂപയ്ക്ക് മുകളിലുള്ള പണം പിന്‍വലിക്കാന്‍ നിബന്ധനകളില്ല. എന്നാല്‍, സുരക്ഷയുടെ ഭാഗമായി പി.എന്‍.ബി 2.0.ഒ.ടി.പി അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ ഡിസംബര്‍ 1 മുതല്‍ ആരംഭിക്കുകയാണ്. ഈ നീക്കത്തിലൂടെ, പി.എന്‍.ബി അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് ആദ്യം അവരുടെ റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ഒ.ടി.പി ലഭിക്കും.കാര്‍ഡ് ഉടമ പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്ന തുക നല്‍കി കഴിഞ്ഞാല്‍ എ.ടി.എം സ്‌ക്രീനില്‍ ഒ.ടി.പി ടൈപ്പ് ചെയ്യേണ്ട ഭാഗം പ്രദര്‍ശിപ്പിക്കും. പണം ലഭിക്കുന്നതിന് ഉപഭോക്താവ് റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ലഭിച്ച ഒ.ടി.പി സ്‌ക്രീനില്‍ ടൈപ്പ് ചെയ്യണം. ഈ പ്രക്രിയ അനധികൃത എ.ടി.എം പണം പിന്‍വലിക്കലില്‍ നിന്ന് പിഎന്‍ബി കാര്‍ഡ് ഉടമകളെ സംരക്ഷിക്കും. ബാങ്കില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍ വഴി മാത്രമേ ഉപയോക്താക്കള്‍ക്ക് ഒ.ടി.പി ലഭിക്കുകയുള്ളൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്.