തിരുവനന്തപുരം :ആദ്യഘട്ട തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ സ്‌പെഷ്യൽ തപാൽ വോട്ട് അനുവദിക്കുന്നതിനുള്ള പട്ടിക നവംബർ 29 മുതൽ തയാറാക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ. പ്രത്യേക ബാലറ്റ് പേപ്പറുകളുടെ എണ്ണം ബന്ധപ്പെട്ട വരണാധികാരികൾ നിർണയിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. കൊവിഡ് രോഗികൾക്കും ക്വാറന്റൈയിനിലുള്ളവർക്കുമാണ് സ്‌പെഷ്യൽ തപാൽവോട്ട് അനുവദിക്കുന്നത്.
ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിലെ സ്‌പെഷ്യൽ തപാൽവോട്ടിനുള്ള പട്ടികയാണ് നവംബർ 29 മുതൽ തയാറാക്കുന്നത്. ചുമതലപ്പെട്ട ഹെൽത്ത് ഓഫീസർ ഇതു തയാറാക്കി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൈമാറണം. നവംബർ 30 മുതൽ ഡിസംബർ ഏഴിനു വൈകിട്ട് മൂന്നുവരെയുള്ള ദിവസങ്ങളിലെ സർട്ടിഫൈഡ് ലിസ്റ്റും അതത് ദിവസങ്ങളിൽ കൈമാറണം. മറ്റു ജില്ലകളിലും ഇതേ രീതിയിൽ ആദ്യപട്ടിക 10 ദിവസം മുമ്പ് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറണമെന്നും കമ്മിഷൻ നിർദേശിച്ചു. വോട്ടർപട്ടികയുമായി പരിശോധിച്ചശേഷമാകും പോസ്റ്റൽ ബാലറ്റ് അനുവദിക്കുക. വോട്ട് രേഖപ്പെടുത്തിയ ശേഷം രജിസ്‌ട്രേഡ് പോസ്റ്റ് വഴിയോ മറ്റൊരാൾ മുഖേനയോ ബാലറ്റ് പേപ്പറും സത്യപ്രസ്താവനയും അടങ്ങിയ കവർ വോട്ടെണ്ണലിനു മുമ്പ് തിരികെ വരണാധികാരിക്ക് നൽകണം. അന്തിമ സ്ഥാനാർത്ഥി പട്ടിക തയാറാക്കുന്ന ദിവസത്തെ കൊവിഡ് ബാധിതരുടേയും നിരീക്ഷണത്തിൽ കഴിയുന്നവരുടേയും എണ്ണത്തെ അടിസ്ഥാനമാക്കിയാണ് ബാലറ്റ് പേപ്പറിന്റെ എണ്ണം നിശ്ചയിക്കേണ്ടതെന്ന് കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്.