മുംബൈ ഭീകരാക്രമണം; സാജിദ് മിറിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 37 കോടി രൂപ ഇനാം പ്രഖ്യാപിച്ച് അമേരിക്ക




വാഷിംഗ്ടണ്‍: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്‌കര്‍ ഇ തൊയ്ബ ഭീകരനുമായ സാജിദ് മിറിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം ഡോളര്‍(ഏകദേശം 37 കോടി രൂപ) ഇനാം പ്രഖ്യാപിച്ച് അമേരിക്ക. സാജിദ് മിര്‍ ഏതെങ്കിലും രാജ്യത്ത് അറസ്റ്റിലാകുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നതിനായുള്ള വിവരങ്ങള്‍ക്ക് അഞ്ച് ദശലക്ഷം യുഎസ് ഡോളര്‍ വരെ വാഗ്ദാനം ചെയ്യുന്നുവെന്ന് യുഎസ് റിവാര്‍ഡ് ഫോര്‍ ജസ്റ്റിസ് പ്രോഗ്രാം പ്രസ്താവനയില്‍ അറിയിച്ചു.


ഭീകരാക്രമണം നടന്നിട്ട് 12 വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് യുഎസിന്റെ പ്രഖ്യാപനം. 2008 നവംബര്‍ 26ന് രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം നടന്നത്. മുംബൈയിലെ താജ്മഹല്‍ ഹോട്ടല്‍, ഒബ്‌റോയി ഹോട്ടല്‍, ലിയോപോള്‍ഡ് കഫെ, നരിമാന്‍ ഹൗസ്, ഛത്രപതി ശിവജി ടെര്‍മിനസ് എന്നിവിടങ്ങളിലായിരുന്നു ആക്രമണം. ഭീകരാക്രമണത്തില്‍ 170 പേര്‍ മരിക്കുകയും മുന്നൂറോളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
മുംബൈ ഭീകരാക്രമണത്തിന്റെ ഓപ്പറേഷന്‍ മാനേജറായിരുന്നു സാജിദ് മിര്‍. 2011ല്‍ സാജിദ് മിറിനെതിരെ യുഎസിലെ രണ്ട് ജില്ലാ കോടതികളില്‍ കേസെടുത്തിരുന്നു. ഭീകരാക്രമണം നടത്തിയ ഒമ്പത് ഭീകരരെ കൊലപ്പെടുത്തുകയും രക്ഷപ്പെട്ട അജ്മല്‍ അമീര്‍ കസബിനെ പിടികൂടി വധശിക്ഷയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.


ആക്രമണം നടത്തിയ 19 ലഷ്‌കര്‍ ഇ-തോയിബ ഭീകരരെ പാക്കിസ്ഥാന്‍ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. 19 ഭീകരരുടെ ഒളിത്താവളത്തെക്കുറിച്ച് പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ സേനയ്ക്ക് അറിയാമെന്നും റിപ്പോര്‍ട്ടുണ്ട്. നടപടി സ്വീകരിക്കാത്തതിനെത്തുടര്‍ന്ന് പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടന, ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു പണം നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ 2021 ഫെബ്രുവരി വരെ പാക്കിസ്ഥാനെപെടുത്തിയിരുന്നു.

أحدث أقدم