ആധാർ ഇല്ലാതെ ജി.എസ്.ടി രജിസ്ട്രേഷൻ: കണ്ടെത്തിയത് 50,000 കോടിയുടെ തട്ടിപ്പ്





തൃശ്ശൂർ: ജി.എസ്.ടി. രജിസ്ട്രേഷൻ ഉദാരമാക്കിയ കാലത്ത് വ്യാജ രജിസ്ട്രേഷൻ നേടിയ സ്ഥാപനങ്ങൾ നടത്തിയത് 50,000 കോടിയിലേറെ രൂപയുടെ തട്ടിപ്പ്. കേന്ദ്ര ജി.എസ്.ടി.യുടെ ആന്റി ഇവേഷൻ വിങ്ങിന്റേതാണ് കണ്ടെത്തൽ.


രാജ്യത്തുടനീളം രണ്ടാഴ്ചയായി തുടരുന്ന പരിശോധനയിലാണ് ഇത്രയേറെ തുകയുടെ വെട്ടിപ്പ് തിരിച്ചറിഞ്ഞത്. എല്ലാ സംസ്ഥാനങ്ങളിലും തട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരിൽ വ്യാജ രജിസ്ട്രേഷനെടുത്ത് വ്യാപാരം നടത്തിയതായി കാണിച്ച് നികുതിത്തുക തിരിച്ചുപിടിക്കുകയാണ് തട്ടിപ്പുകാർ ചെയ്യുന്നത്.


ജി.എസ്.ടി. നിയമപ്രകാരം വ്യാപാരികൾ മുൻകൂർ ഒടുക്കിയ തുക തിരികെ വാങ്ങുകയാണ് പതിവ്. ഇല്ലാത്ത ഇടപാടിൽ നികുതി ഒടുക്കിയതായി വ്യാജരേഖയുണ്ടാക്കിയാണ് അത് തിരികെ വാങ്ങുന്നത്. ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എന്ന ഇൗ രീതി ഉപയോഗപ്പെടുത്തിയാണ് അരലക്ഷം കോടിയിലേറെ കൈക്കലാക്കിയത്. നികുതി ഒടുക്കാതെയുള്ള വഞ്ചനയല്ല മറിച്ച് ജി.എസ്.ടി.വകുപ്പിന്റെ പണം കവരുകയാണ് തട്ടിപ്പുകാർ ചെയ്തതെന്നത് ഗുരുതര കുറ്റമായാണ് വകുപ്പ് കാണുന്നത്. അതിനാൽ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് തട്ടിപ്പുകാരെ അറസ്റ്റ് ചെയ്യുന്നത്.


ഇതിന്റെ പശ്ചാത്തലത്തിൽ രജിസ്ട്രേഷൻ കർശനമാക്കിയിട്ടുണ്ട്. ആധാർ ഇല്ലാതെ ജി.എസ്.ടി. രജിസ്ട്രേഷനെടുക്കണമെങ്കിൽ ഇനി വിശ്വസ്തരായ രണ്ട് നികുതിദായകരുടെ ശുപാർശക്കത്ത് വേണം. രജിസ്ട്രേഷനെടുക്കാനാകുംവിധം സാമ്പത്തിക അടിത്തറയുള്ള സ്ഥാപനമാണെന്നും തെളിയിക്കണം. സ്ഥലത്തെത്തി പരിേശാധന നടത്തിയതിന് ശേഷമേ രജിസ്ട്രേഷൻ നടത്തേണ്ടതുള്ളൂ എന്ന തീരുമാനത്തിലേക്കും നീങ്ങുകയാണ് ജി.എസ്.ടി. വകുപ്പ്.
أحدث أقدم