കൊച്ചി :വിസ തട്ടിപ്പുകാരനായ തമിഴ്‌നാട് സ്വദേശി പിടിയിലായതായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ അറിയിച്ചു. തമിഴ്‌നാട് കന്യാകുമാരി സ്വദേശി സുധീഷ് ക്രിസ്തുദാസ് (49) നെയാണ് ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
ദുബായ് എയര്‍പോര്‍ട്ടില്‍ ജോലി തരപ്പെടുത്തിക്കൊടുക്കാം എന്നു വാഗ്ദാനം ചെയ്ത് കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള നിരവധി പേരുടെ കൈയ്യില്‍നിന്ന് ലക്ഷക്കണക്കിനു രൂപ വാങ്ങി രണ്ടുവര്‍ഷം മുന്‍പ് ഒളിവില്‍ പോയ വിസ തട്ടിപ്പുകാരനാണ് ഇപ്പോള്‍ അറസ്റ്റിലായത്. ഇയാളെ ചെന്നൈ ബോര്‍ഡറിലെ കുണ്ടറത്തൂര്‍ മുരുകന്‍കോവില്‍ കോളനിയില്‍ നിന്നാണ് ഫോര്‍ട്ട് പൊലീസ് അറസ്റ്റുചെയ്തത്.
അറസ്റ്റ് ഒഴിവാക്കുന്നതിനായി ഇയാള്‍ നിരന്തരം വാസസ്ഥലങ്ങള്‍ മാറിക്കൊണ്ടിരുന്നത് പൊലീസിനെ ഏറെ വലച്ചിരുന്നു. ഫോര്‍ട്ട് പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രതാപന്‍ നായര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ രാകേഷ്.ജെയുടെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ സജു എബ്രഹാം, വിമല്‍, സെല്‍വിയസ് , സിപിഒമാരായ ബിനു, സാബു എന്നിവരടങ്ങിയ സംഘമാണ് ചെന്നെയില്‍ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്.