തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യുന്നിന് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവധി അനുവദിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി. വേതനം കുറയ്ക്കാതെ അവധി നൽകാനാണ് ഉത്തരവ്.
സ്വകാര്യ വാണിജ്യ-വ്യാപാര സ്ഥാപനങ്ങളിലെയും മറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാർക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളുടെ അടിസ്ഥാനത്തിൽ അവധി അനുവദിച്ചിരിക്കുന്നത്. ഡിസംബർ എട്ടിനു തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലേയും ഡിസംബർ പത്തിന് കോട്ടയം എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലേയും ഡിസംബർ 14ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
സ്വന്തം ജില്ലക്ക് പുറത്ത് ജോലിയുള്ളവർക്ക് വോട്ടെടുപ്പ് ദിവസം സ്വന്തം ജില്ലയിലെ പോളിംഗ് സ്റ്റേഷനിൽ പോയി വോട്ടു ചെയ്യാൻ പ്രത്യേക അനുമതി നൽകാമെന്നും ഉത്തരവിൽ പറയുന്നു. അവധി നൽകാത്തത് പിഴ ഈടാക്കാവുന്ന കുറ്റമാണ്
തിരഞ്ഞെടുപ്പ് ചിഹ്നം ശുപാർശ ചെയ്യുന്നതിന് കത്ത് നൽകണം
സ്ഥാനാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് ചിഹ്നം ശുപാർശ ചെയ്യുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള ജില്ലാ പാർട്ടി ഭാരവാഹികളുടെ ഒപ്പ് സാക്ഷ്യപ്പെടുത്തി അതാത് രാഷ്ട്രീയ പാർട്ടികളുടെ സംസ്ഥാന ഭാരവാഹികൾ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നൽകേണ്ടതാണെന്നും സ്ഥാനാർത്ഥികൾക്ക് ചിഹ്നം ശുപാർശ ചെയ്യുന്നതിന് അധികാരപ്പെടുത്തിയിട്ടുള്ള പാർട്ടി ഭാരവാഹികൾ കത്ത് സ്വന്തം കൈപ്പടയിൽ ഒപ്പുവച്ച് ബന്ധപ്പെട്ട വരണാധികാരിക്ക് നവംബർ 23ന് വൈകുന്നേരം മൂന്ന് മണിക്ക് മുമ്പ് സമർപ്പിക്കേണ്ടതാണെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ അറിയിച്ചു.