ന്യൂഡല്‍ഹി :കിഫ്ബിക്ക് മസാല ബോണ്ട് ഇറക്കാന്‍ അനുമതി നല്‍കിയതായി റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ. കിഫ്ബിക്കെതിരായ എന്‍ഫേഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ അന്വേഷണ സംഘത്തിന് മറുപടിയുമായിയായാണ് ആര്‍ബിഐ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കിഫ്ബി പോലുള്ള സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളിന് മസാലബോണ്ടുകള്‍ ഇറക്കാന്‍ അനുവാദം നല്‍കാന്‍ വ്യവസ്ഥയുണ്ടെന്നും 2018 ജൂണ്‍ 1 ന് കിഫ്ബിക്ക് ഇതിനായി അനുമതി നല്‍കിയെന്നും മറുപടിയില്‍ പറയുന്നു.എന്നാല്‍ അനുമതി കിഫ്ബിക്ക് വായ്പയെടുക്കാനുള്ള ശേഷിയുണ്ടെന്നതിനുള്ള സാക്ഷ്യപത്രമല്ലെന്നും ആര്‍ബിഐ അറിയിച്ചു.
ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് അഥവ ഫെമ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളുകള്‍ക്ക് മസാലാ ബോണ്ട് ഇറക്കാന്‍ അവസരം നല്‍കുന്നുണ്ട്. ഈ വ്യവസ്ഥ പരിഗണിച്ച് അപേക്ഷയുടെ അടിസ്ഥാനത്തില്‍ കിഫ്ബിക്കും മസാല ബോണ്ട് ഇറക്കാന്‍ അനുവാദം നല്‍കിയിരുന്നു. 2018 ജൂണിലാണ് ഇത് സമ്പന്ധിച്ച തിരുമാനം കൈകൊണ്ട് സംസ്ഥാനത്തിന് രേഖാമൂലം അനുവാദം നല്‍കിയതെന്ന് ആര്‍ബിഐ വ്യക്തമാക്കുന്നു. മസാല ബോണ്ടിനെക്കുറിച്ചു വിവരങ്ങള്‍ ചോദിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഡപ്യൂട്ടി ഡയറക്ടര്‍ കഴിഞ്ഞ 19ന് റിസര്‍വ് ബാങ്കിന് കത്തയച്ചിരുന്നു.
സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ള വായ്പ പരിധിയില്‍ കിഫ്ബിയുടെ വിദേശ വായ്പ ഉള്‍പ്പെടുമോ, പണത്തിന്റെ തിരിച്ചടവ് വ്യവസ്ഥകള്‍ എന്തൊക്കെ, ഭരണഘടനാ വ്യസ്ഥകള്‍ ബാധകമോ, തുടങ്ങിയവ പരിശോധിക്കാന്‍ തങ്ങള്‍ക്ക് ബാധ്യത ഇല്ലെന്നും ആര്‍ബിഐ മറുപടിയില്‍ പറയുന്നുണ്ട്