കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ അന്തരിച്ചു




ന്യൂ ഡൽഹി:  കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ അന്തരിച്ചു. പുലർച്ചെ 3.30നായിരുന്നു അന്ത്യം. 71 വയസായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ആരോഗ്യസ്ഥിതി മോശമായിരുന്നു. മരണവിവരം മകന്‍ ഫൈസല്‍ പട്ടേലാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറിയായി ദീർഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. പാർട്ടി ട്രഷറർ. 8 തവണ എം.പി. പാര്‍ട്ടിയുടെ റ്റ് സുപ്രധാന പദവികളും വഹിച്ചിട്ടുണ്ട്. 

സ്വന്തം പ്രയത്നത്താല്‍ കോണ്ഗ്രസിന്‍റെ ഉന്നത ശ്രേണിയിലെത്തിയ രാഷ്ട്രീയക്കാരനായിരുന്നു അഹമ്മദ് പട്ടേല്‍. ഗുജറാത്തുകാർക്ക് ബാബു ഭായ് ആണ്, അഹമ്മദ് പട്ടേല്‍. കോണ്‍ഗ്രസിനോടും നെഹ്റു കുടുംബത്തോടുമുള്ള കൂറിന്‍റെ പര്യായം. 
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്‍റെ പ്രസക്തി രണ്ട് പതിറ്റാണ്ട് മുമ്പ് നഷ്ടമായ ഗുജറാത്തില്‍ നിന്ന് ഉയർന്നുവന്ന നേതാവ്.  1976ല്‍ ഗുജറാത്തിലെ ബറൂച്ചില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിച്ചായിരുന്നു തുടക്കം. ഇന്ദിര ഗാന്ധിയുടെ നിർദേശ പ്രകാരം 1977ലെ ലോക്‍സഭ തെരഞ്ഞെടുപ്പില്‍ ബറൂച്ചില്‍ മത്സരിച്ച് ജയിക്കുമ്പോള്‍ അഹമ്മദ് പട്ടേലിന് പ്രായം 28. 1980 ലും 84ലും വിജയം ആവർത്തിച്ചു. ഗുജറാത്തില്‍ ബി.ജെ.പി പിടിമുറുക്കിയതോടെ കോണ്‍ഗ്രസ് തളർന്നു.
1990 ലെ തെരഞ്ഞെടുപ്പില്‍ പട്ടേലിന് ആദ്യ പരാജയം. 1993, 1999, 2005, 2011, 2017 എന്നിങ്ങനെ 5 തവണ രാജ്യസഭയിലെത്തി.

2001 മുതല്‍ 2017വരെ സോണിയ ഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറി. 2004ല്‍ യു.പി.എ സർക്കാറിന്‍റെ രൂപീകരണത്തില്‍ നിർണായക ശക്തിയായി. 2018 ആഗസ്റ്റില്‍ രാഹുല്‍ ഗാന്ധി അധ്യക്ഷനായി എത്തിയതോടെ കോണ്‍ഗ്രസിന്‍റെ ട്രഷററായി. പാർട്ടി ഏല്‍പ്പിച്ച ചുമതലകളെല്ലാം നിറവേറ്റിയാണ് അഹമ്മദ് പട്ടേലിന്‍റെ മടക്കം.


أحدث أقدم