ഭാരതത്തെ തകർക്കാനോ ഇല്ലാതാക്കാനോ ഒരു ശക്തിക്കും കഴിയില്ല: പ്രധാനമന്ത്രി




ഭാരതത്തെ തകർക്കാനോ ഇല്ലാതാക്കാനോ ഒരു ശക്തിക്കും കഴിയില്ലെന്ന് പാക്കിസ്ഥാന് മുന്നറിയിപ്പുമായി പ്രധാനമന്ത്രി. ശത്രുവിനെ അവരുടെ സങ്കേതത്തിലെത്തി വകവരുത്താൻ സൈന്യം സുസജ്ജമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

 വടക്കൻ ജമ്മു കാശ്‌മീരിലെ നിരവധി പ്രദേശങ്ങളിൽ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിനിർത്തൽ നിയമലംഘനത്തിൽ അഞ്ച് സൈനികർ ഉൾപ്പടെ പതിനൊന്ന് പേർ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ പരാമർശം. രാജസ്ഥാനിലെ ജയ്സാൽമെറിൽ സൈനികർക്കൊപ്പം ദീപാവലി ദിനം ചിലവഴിക്കുന്നതിനിടെയായിരുന്നു മോദിയുടെ പ്രതികരണം
രാജ്യസുരക്ഷയാണ് സർക്കാരിന് മുഖ്യമെന്നും അതിന് വെല്ലുവിളി ഉയർത്തുന്ന ശക്തികൾക്ക് തക്ക മറുപടി നൽകുമെന്നും മോദി പറഞ്ഞു. ശത്രുവിനെ അവരുടെ സങ്കേതത്തിലെത്തി വകവരുത്താൻ സൈന്യം സുസജ്ജമാണ്. ലോംഗെവാലയിൽ ഇന്ത്യൻ സൈന്യം വലിയ ​ശൗര്യം പ്രകടിപ്പിച്ചു. എല്ലാ ഇന്ത്യക്കാർക്കും വേണ്ടി സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാനെതിരെ നമ്മുടെ സൈന്യം ആഞ്ഞടിച്ച് തക്ക മറുപടി നൽകി. സമാനതകളില്ലാത്ത ധൈര്യമാണ് നമ്മുടെ സൈനികരുടേത്. അതിർത്തിയിൽ നിന്ന് അവരെ പിന്തിരിപ്പിക്കാൻ ഒരു ശക്തിക്കുമാകില്ല. എല്ലാ മേഖലകളെയും പോലെ പ്രതിരോധരംഗത്തെയും സ്വയംപര്യാപ്‌തമാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മോദി ദീപാവലിക്ക് വർഷം തോറും സൈനികരെ കാണാൻ പോകുന്നത് എന്തുകൊണ്ടാണെന്ന് ചിലർ ചിന്തിച്ചേക്കാം. ദീപാവലി ഞങ്ങൾ കുടുംബത്തോടൊപ്പം ആഘോഷിക്കുന്ന ഒരു ഉത്സവമാണ്. അതിനാൽ ഓരോ വർഷവും നിങ്ങളോടൊപ്പം ചെലവഴിക്കുന്നു. കാരണം നിങ്ങൾ എല്ലാവരും തന്റെ സ്വന്തമാണെന്നും തന്റെ കുടുംബമാണെന്ന് മോദി പറഞ്ഞു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുളള സൈനികർക്കും അദ്ദേഹം നന്ദി പറഞ്ഞു. ഇന്ന് നിങ്ങൾക്കെല്ലാവർക്കും മധുരപലഹാരങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ ഇവ തന്നിൽ നിന്ന് മാത്രമല്ല. 130 കോടി ഇന്ത്യക്കാരിൽ നിന്നാണ്. സൈനികർക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കുമ്പോൾ, രാജ്യത്തെ സേവിക്കാനും സംരക്ഷിക്കാനുമുളള തന്റെ ദൃഢനിശ്ചയമാണ് കൂടുതൽ ശക്തിപ്പെടുന്നതെന്നും മോദി പറഞ്ഞു.
രാജ്യത്തെ സംരക്ഷിക്കാൻ സദാ ഉണർന്നിരിക്കുന്നവരാണ് സൈനികർ. ദീപാവലി ആഘോഷം പൂർണമാകുന്നത് സൈനികർക്കൊപ്പം ആഘോഷിക്കുമ്പോഴാണ്. എല്ലാ ഭാരതീയരുടെയും പേരിൽ സൈനികർക്ക് ആശംകൾ നേരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സൈനികരാണ് രാജ്യത്തിന്റെ സമ്പത്ത്. ഭാരതത്തെ തകർക്കാനോ ഇല്ലാതാക്കാനോ ഒരു ശക്തിക്കും കഴിയില്ല. സൈനികരുടെ സന്തോഷം കാണുമ്പോൾ തന്റെ സന്തോഷം ഇരട്ടിയാകുന്നു. സൈനികരുടെ സന്തോഷം കാണാനാണ് എപ്പോഴും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്, കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെ, ബി എസ് എഫ് ഡയറക്‌ടർ ജനറൽ രാകേഷ് അസ്ഥാന എന്നിവർ പ്രധാനമന്ത്രിക്കൊപ്പം ജയ്സാൽമെറിൽ എത്തിയിരുന്നു.



أحدث أقدم