തിരുവനന്തപുരം: കരുനാഗപ്പള്ളി ഇടക്കുളങ്ങരയിലെ പ്രസിദ്ധമായ നമ്പൂതിരി കുടുംബത്തിന്റെ പേരിൽ വ്യാജരേഖയുണ്ടാക്കി ക്ഷേത്ര പൂജാരിയായി ആൾമാറാട്ടം നടത്തി ജീവിച്ച യുവാവ് പോസ്കോ കേസിൽ പിടിയിൽ. കൊല്ലം, ആലപ്പാട് ചെറിയഴിക്കൽ കക്കാത്തുരുത്ത് ഷാൻ നിവാസിൽ ഷാൻ (37) ആണ് കിളിമാനൂർ പൊലീസിന്റെ പിടിയിലായത്.
അമ്മയുടെ അറിവോടെയാണ് ഇയാൾ പതിനൊന്ന് വയസുള്ള കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് അറിയിച്ചു. കിളിമാനൂരിലെ ഒരു ക്ഷേത്രത്തിൽ ശ്യാം എന്ന വ്യാജപേരിൽ പൂജാരിയായി കഴിയുമ്പോഴായിരുന്നു ഇയാൾ കുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയത്.
2018-ലാണ് കേസിനാസ്പദമായ സംഭവമെന്ന് പൊലീസ് പറഞ്ഞു.
ശ്യാം എന്ന വ്യാജപേരിൽ പൂജാരിയായി എത്തിയ ഇയാൾ പരിസരവാസിയായ സ്ത്രീയുമായി പരിചയത്തിലായി. തുടർന്ന് ഇവരുടെ വീട്ടിൽ നിത്യസന്ദർശകനായ ഇയാൾ അമ്മയുടെ അറിവോടെ പെൺകുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. പീഡനവിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് അമ്മയും ശ്യാമും ഭീഷണിപ്പെടുത്തിയിരുന്നതായി കുട്ടി പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
അമ്മയോട് വഴക്കിട്ട പെൺകുട്ടി അച്ഛനെ അറിയിക്കുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. കോതമംഗലം വടാട്ടുപാറയിൽ നിന്നാണ് ഷാനെ കസ്റ്റഡിയിലെടുത്തത്. ശ്യാം എന്ന പേരിൽ വ്യാജ പൂജാരിയായി ഇയാൾ പല ക്ഷേത്രങ്ങളിലും പൂജ നടത്തി വരികയായിരുന്നുയെന്ന് പൊലീസ് പറഞ്ഞു. ചെല്ലുന്നയിടങ്ങളിൽ സ്ത്രീകളുമായി സൗഹൃദത്തിലാകുകയും ലൈംഗികാതിക്രമങ്ങൾക്ക് ശേഷം മുങ്ങുകയുമാണ് പതിവ്.
സിം കാർഡുകൾ മാറി മാറി ഉപയോഗിക്കുന്നതും പതിവായിരുന്നു. നിരവധി സിം കാർഡുകളും വ്യാജരേഖകളും ഇയാളിൽനിന്ന് പിടിച്ചെടുത്തു.കിളിമാനൂർ സ്റ്റേഷൻ ഓഫീസർ കെബി മനോജ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐബിജുകുമാർ, സിപിഒ മനോജ്, സിപിഒ സഞ്ജീവ്, വിനീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ ആറ്റിങ്ങൽ കോടതി റിമാൻഡ് ചെയ്തു.