‘ആട് ഇടിച്ചു’ യുവതി മരിച്ചത് കൊലപാതകമാണെന്ന് തെളിഞ്ഞു.




കൊല്ലം: കൊട്ടാരക്കര ചെപ്രയില്‍ ‘ആട് ഇടിച്ചു’ യുവതി മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ചെപ്ര വാപ്പാല പള്ളിമേലതില്‍ ആശാ ജോര്‍ജിന്റെ(29) മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവത്തില്‍ ആശയുടെ ഭര്‍ത്താവ് അരുണിനെ പോലീസ് അറസ്റ്റ് ചെയ്തു. 

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് അരുണ്‍ കുറ്റം സമ്മതിച്ചത്. മദ്യലഹരിയില്‍ താന്‍ ഭാര്യയെ നിലത്തിട്ടു ചവിട്ടുകയായിരുന്നുവെന്ന് അരുണ്‍ പോലീസിനോട് പറഞ്ഞു. 

ഒക്ടോബര്‍ 28നാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്ന് പൂയപ്പള്ളി പോലീസ് പറഞ്ഞു. മദ്യലഹരിയില്‍ അരുണ്‍ ഭാര്യയെയും മക്കളെയും ഉപദ്രവിക്കുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവദിവസവും മദ്യപിച്ചെത്തിയ അരുണ്‍ ഭാര്യയെ ഉപദ്രവിച്ചു. അതിനിടെ ആശയെ നിലത്തിട്ട് വയറിന് നിരവധി തവണ ചവിട്ടുകയും ചെയ്തു. കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശയെ കൊട്ടാരക്കരയിലും സമീപത്തുമുള്ള ആശുപത്രികളില്‍ ആരുണ്‍ തന്നെ കൊണ്ടുപോയി.

ആട് ഇടിച്ചുവീഴ്ത്തിയെന്നാണ് ആശുപത്രിയില്‍ ഇയാള്‍ പറഞ്ഞിരുന്നത്. ആശയുടെ ആരോഗ്യസ്ഥിതി മോശമായതോടെ മീയ്യണ്ണൂര്‍ അസീസിയ ആശുപത്രിയിലേക്കു മാറ്റി. അവിടെയും ആട് ഇടിച്ചെന്നാണ് അരുണ്‍ പറഞ്ഞത്. എന്നാല്‍ തന്നെ ഭര്‍ത്താവ് ഉപദ്രവിച്ചതാണെന്ന് ആശ ആശുപത്രി അധികൃതരോട് പറഞ്ഞു. നവംബര്‍ ഒന്നിന് ആശ മരിക്കുകയും ചെയ്തു. തുടര്‍ന്ന് ആശയുടെ പിതാവ് പൂയപ്പള്ളി പോലീസില്‍ നല്‍കിയ പരാതിയിലാണ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴാണ് ആശയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.  പൂയപ്പള്ളി സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ വിനോദ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.



أحدث أقدم