ശബരിമല ദർശനത്തിന് കൊച്ചു മാളികപ്പുറങ്ങൾക്കുള്ള വിലക്ക് നീക്കണം - അമ്മ മലയാളം വാട്സാപ് കൂട്ടായ്മ




കോട്ടയം:  'കോവിഡ്- 19 സുരക്ഷാ നിയന്ത്രണങ്ങളുടെ പേരിൽ 10 വയസിൽ താഴെ പ്രായമുള്ള അയ്യപ്പ ഭക്തരായ ബാലിക മാർക്ക് ശബരിമല ദർശനത്തിന്  ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് ഒഴിവാക്കണമെന്ന് ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്മാരക മലയാള ഭാഷാ ഭവൻ ആവശ്യപ്പെട്ടു.

ഈ മണ്ഡലകാലത്ത് സർക്കാർ കൈക്കൊണ്ടിരിക്കുന്ന പുതിയ നിയന്ത്രണം മൂലം നിരവധി പെൺ കുട്ടികൾക്കാണ് ശബരീദർശനം മുടങ്ങിയിരിക്കുന്നതെന്ന് മലയാള ഭാഷാ ഭാവൻ്റെ കീഴിലുള്ള "അമ്മ മലയാളം " വാട് സാപ് കൂട്ടായ്മ ചൂണ്ടിക്കാട്ടി .

നിലവിലെ ആചാരഘടന അനുസരിച്ച് 10 വയസ് വരെ യുള്ള പെൺകുട്ടികൾക്കേ ശബരിമലയിൽ
സ്വാമി ദർശനത്തിന് അവസരമുള്ളു. 

കോവിഡ് നിയന്ത്രണങ്ങളുടെ മറവിൽ 1O വയസ് വരെയുള്ള കുട്ടികൾക്ക് ശബരിമല ദർശനത്തിനുള്ള അനുമതി തടയപ്പെട്ടതോടെ ആയിര കണക്കിന് കുട്ടികൾക്കാണ് ഇക്കൊല്ലം അയ്യപ്പ ദർശനത്തിനുള്ള അവസരം നഷ്ടപ്പെട്ടിരിക്കുന്നത്.
ഇതിൽ തന്നെ 8, 9 - 10 വയസുള്ള പെൺകുട്ടികൾക്ക് ഇപ്പോൾ അവസരം കിട്ടിയില്ലെങ്കിൽ അവർക്ക് ആചാരവിധിപ്രകാരം ശബരിമലയിലെത്തി അയ്യപ്പ സ്വാമിയെ ദർശിക്കാൻ നാല് പതിറ്റാണ്ട് കാലത്തോളം കാത്തിരിക്കേണ്ടിവരും. ഇത് തികഞ്ഞ അനീതിയാണ്.

 സർക്കാർ ഏകപക്ഷീയമായി കൈക്കൊണ്ട ഈ തീരുമാനം വിശ്വാസികൾക്കും പ്രത്യേകിച്ച് സ്വാമി ദർശനം ആഗ്രഹിക്കുന്ന
 ബാലികമാർക്കിടയിലും കടുത്ത മാനസിക സംഘർഷമാണ് ഉണ്ടാക്കിയിരിക്കുന്നത് .   

ഭരണഘടന ഓരോ പൗരനും അനുവദിച്ചിട്ടുള്ള ആരാധനാ സ്വാതന്ത്ര്യം മാത്രമല്ല,  മൗലികാവകാശത്തിന്റെ ലംഘനം കൂടിയാണ്  സർക്കാരിൻ്റെ ഏകപക്ഷീയമായതീരുമാനത്തിലൂടെ നടപ്പിലാക്കിയിരിക്കുന്നത് . ഇത് ഒരു ഭക്തന്റെ അവകാശത്തിന്മേലുള്ള അനാവശ്യമായ കൈകടത്തൽ കൂടിയാണ്.

ശബരിമല ദർശനം ആഗ്രഹിക്കുന്ന കൊച്ചു മാളികപ്പുറങ്ങൾക്ക്  എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് കൊണ്ടു തന്നെ ഒരു രക്ഷിതാവിനൊപ്പംമല ചവുട്ടാനുള്ള അനുമതി നൽകാൻ സർക്കാർ അടിയന്തിരമായി ഇടപെടണം. ഈ വിഷയത്തിന്മേൽ അമ്മ മലയാളം സംഘടിപ്പിച്ച ചർച്ചയിൽ ചാരുമ്മൂട് വത്സല കുമാരി വിഷയം അവതരിപ്പിച്ചു.
ആലുവ തന്ത്ര വിദ്യാപീഠം വർക്കിംഗ് പ്രസിഡന്റും പ്രമുഖ താന്ത്രികാചാര്യനുമായ മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി, മുൻ ശബരിമല - ഗുരുവായൂർ മേൽശാന്തി ഏഴിക്കോട് ശശി നമ്പൂതിരി, മുൻപ് ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിൽ മേൽശാന്തിയായിരുന്ന ആത്രാശേരി രാമൻ നമ്പൂതിരി, മുൻ മാളികപ്പുറം മേൽശാന്തി ധനഞ്ജയൻ നമ്പൂതിരി, റിട്ട. എസ്.പി.പി.ബി. വിജയൻ, കെ.ഡി. ഹരികുമാർ , നിലമ്പൂർ വത്സല ടീച്ചർ, കാരക്കാട്ട് രാധാമണിയമ്മ, ജഗദമ്മ വാരിക്കാട്ട്, സ്വപ്ന കെ.ദാസ്., സിന്ധു എം. നായർ , രതീദേവി പറവൂർ, മാധവി ടീച്ചർ ചാത്തനാത്ത്, വിനോദ് ചമ്പക്കര, ഹരീന്ദ്രനാഥക്കൈ മ്മൾ , ശ്രീകുമാർ തൃക്കാരിയൂർ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. മുഖ്യ പരിപാലകൻ മധു മണിമല അവതരിപ്പിച്ച് അംഗങ്ങൾ ചർച്ച ചെയ്ത് പാസാക്കിയ പ്രമേയം മുഖ്യമന്ത്രി, ദേവസ്വം വകുപ്പുമന്ത്രി, ആരോഗ്യമന്ത്രി, ചീഫ് സെക്രട്ടറി, ദേവസ്വം ബോർഡ് പ്രസിഡന്റ്, കേരള ഹൈക്കോടതി രജിസ്ട്രാർ ജനറൽ എന്നിവർക്ക് അയച്ചു കൊടുത്തു.


أحدث أقدم