തിരുവനന്തപുരം: ബാർ കോഴയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരായ കേസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമ പരിശോധന നടത്തും. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാർ പ്രതിപക്ഷത്തിനെതിരെ പകപോക്കുകയാണെന്ന് ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് ഗവർണറുടെ നടപടി. ഗവർണറുടെ അനുമതിയോടെ മാത്രമേ അന്വേഷണം നടത്താനാവൂ.
ബാറുടമ ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ലഭിച്ച പരാതിയിൽ സംസ്ഥാന സർക്കാർ ചെന്നിത്തല അടക്കമുള്ളവർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
രമേശ് ചെന്നിത്തലക്ക് പുറമെ മുൻ മന്ത്രിമാരായ വി.എസ്. ശിവകുമാർ, കെ. ബാബു എന്നിവർക്കെതിരെയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ബാർ കോഴക്കേസ് വീണ്ടും സജീവമാക്കാനാണ് സർക്കാർ നീക്കം.