ഡൽഹി :വിദേശത്ത് നിന്നെത്തുന്നവര്‍ കൊവിഡ് നെഗറ്റീവാണെങ്കില്‍ ക്വാറന്റീന്‍ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. യാത്ര തിരിക്കുന്നതിന് 72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതുക്കിയ പ്രോട്ടോക്കോളില്‍ പറയുന്നു. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ 14 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാണ്. ഇന്ത്യയിലേക്ക് യാത്ര തിരിക്കുന്നതിന് 72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണം. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവര്‍ ക്വാറന്റീനില്‍ പോകേണ്ടതില്ല.
ആര്‍ടിപിസിആര്‍ നടത്താതെ എത്തുന്നവര്‍ക്ക് രാജ്യത്തെ വിമാനത്താവളങ്ങളില്‍ ടെസ്റ്റ് നടത്താം. ഡല്‍ഹി, കൊച്ചി, മുംബൈ, ഹൈദരാബാദ് വിമാനത്താവളങ്ങളില്‍ ഇതിനുള്ള സൗകര്യമുണ്ട്. ഈ ടെസ്റ്റില്‍ നെഗറ്റീവാണെങ്കിലും ക്വാറന്റീന്‍ ഒഴിവാക്കിയിട്ടുണ്ട്. നെഗറ്റീവ് സര്‍ട്ടഫിക്കറ്റ് ഇല്ലെങ്കില്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം. ഏഴു ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനും ഏഴു ദിവസം ഹോം ക്വാറന്റീനുമായിരിക്കും.
അടിയന്തര സാഹചര്യത്തില്‍ യാത്ര പുറപ്പെടുന്നവര്‍ യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്‍പ് ഡല്‍ഹി വിമാനത്താവളത്തിന്റെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും പ്രോട്ടോക്കോള്‍ വ്യക്തമാക്കുന്നു. ഗര്‍ഭാവസ്ഥ, കുടുംബത്തിലെ മരണം, ഗുരുതര രോഗങ്ങള്‍, മാതാപിതാക്കളോടും പത്തു വയസുവരെയുള്ള കുട്ടികളോടും ഒപ്പമുള്ള യാത്രകള്‍ എന്നിവയ്ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല. എന്നാല്‍ ഇവര്‍ 14 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാണ്