ദിവാകരന്‍ നായരെ കൊലപ്പെടുത്തിയ കേസില്‍ സഹോദര പുത്രൻ അറസ്റ്റിൽ



കൊച്ചി: എറണാകുളം ബ്രഹ്മപുരത്ത് കൊല്ലം സ്വദേശി ദിവാകരന്‍ നായരെ കൊലപ്പെടുത്തിയ കേസില്‍ ഒരാൾ കൂടി അറസ്റ്റിൽ. ദിവാകരന്‍റെ സഹോദര പുത്രൻ കൃഷ്ണനുണ്ണിയാണ് അറസ്റ്റിലായത്. കഴിഞ്ഞ ഒക്ടോബർ 25നാണ് കൊല്ലം ആയൂർ സ്വദേശി ദിവാകരൻ നായരെ ബ്രഹ്മപുരത്ത് വഴിയരികിൽ മരിച്ച നിലയിൽ കണ്ടത്.

ദിവാകരനെ കൊലപ്പെടുത്താനായി നടത്തിയ ഗൂഡാലോചനയിൽ പങ്കാളിയാണെന്ന് കണ്ടെത്തിയതോടെ കൊല്ലം സ്വദേശി കൃഷ്ണനുണ്ണിയെ ഇൻഫോപാർക്ക് പൊലീസാണ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട ദിവാകരൻ നായരുടെ സഹോദരന്‍റെ മകനാണ് കൃഷ്ണനുണ്ണി. ഇതോടെ കേസിൽ അഞ്ച് പേരാണ് പൊലീസിൻ്റെ പിടിയിലായിരിക്കുന്നത്.

കൃഷ്ണനുണ്ണിയുടെ ഭാര്യയുടെ അച്ഛൻ അനിൽ കുമാർ കേസിൽ ഒന്നാം പ്രതിയാണ്. ഫോണ്‍ വിളികളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. ക്വട്ടേഷൻ സംഘമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.

നേരത്തെ പൊലീസിന്‍റെ പിടിയിലായ ഷാനിബ സ്ഥലമിടപാട് എന്ന വ്യാജേന ദിവാകരനെ എറണാകുളത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ദിവാകരൻ നായർ സഞ്ചരിച്ച സ്ഥലങ്ങളിൽ ഇന്നോവ കാറില്‍ സംഘം പിന്തുടര്‍ന്നിരുന്നുവെന്നും പൊലീസിൻ്റെ അന്വേഷണത്തിൽ തെളിഞ്ഞു. കാർ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ക്വട്ടേഷൻ സംഘത്തില്‍ പെട്ടവരെ പൊന്‍കുന്നത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്. സ്വത്ത് തർക്കമാണ് കൊലയക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. 

أحدث أقدم