ബിഹാറിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ എൻ.ഡി.എ സഖ്യം അധികാരം നിലനിർത്തി



ബിഹാറിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ എൻ.ഡി.എ സഖ്യം അധികാരം നിലനിർത്തി.

 ഇരുപത് മണിക്കൂറോളം നീണ്ട വോട്ടെണ്ണലിനൊടുവിൽ 243 അംഗ സഭയിൽ 125 സീറ്റുകൾ നേടിയാണ് ജെ.ഡി.യു, ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യം ഭരണത്തുടർച്ച നേടിയത്. കേവലഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത് 122 സീറ്റുകളാണ്.

അവസാന ഘട്ടംവരെ സസ്പെൻസ് നിറഞ്ഞ വോട്ടെണ്ണലിനൊടുവിൽ മഹാസഖ്യം 110 സീറ്റുകളിൽ ഒതുങ്ങി.
75 സീറ്റുകൾ നേടി മഹാസഖ്യത്തിലെ ആർ.ജെ.ഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി. തൊട്ടുപിന്നിൽ 74 സീറ്റുകളുമായി ബിജെപി എത്തി.
സംസ്ഥാനത്തുടനീളം മുന്നേറ്റമുണ്ടാക്കാനായി എന്നതാണ് ബി.ജെ.പി യുടെ നേട്ടം. അവർ 74 സീറ്റ് നേടിയപ്പോൾ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെ.ഡി.യു 43 സീറ്റുകളിലേക്ക് ചുരുങ്ങി.

തീർത്തും നിറംമങ്ങി കോൺഗ്രസ് 19 സീറ്റുകളിൽ ഒതുങ്ങിയതാണ് മഹാസഖ്യത്തിന് തിരിച്ചടിയായത്. അതേസമയം ഇടതുപാർട്ടികൾ പ്രതീക്ഷിച്ചതിലും മികച്ച മുന്നേറ്റമുണ്ടാക്കി. 29 സീറ്റുകളിൽ മത്സരിച്ച ഇടത് പാർട്ടികൾ 16 ഇടത്ത് ജയിച്ചു. എൻ.ഡി.എ മുന്നണി വിട്ട് ഒറ്റയ്ക്ക് മത്സരിച്ച എൽ.ജെ.പി ഒറ്റ സീറ്റിൽ ഒതുങ്ങി. അസദുദ്ദീൻ ഒവൈസിയുടെ എ.ഐ.എം.ഐ.എം അഞ്ച് സീറ്റുകൾ പിടിച്ചെടുത്തു. ഹിന്ദുസ്ഥാനി അവാം മോർച്ചയും വികാസ് ശീൽ ഇൻസാൻ പാർട്ടിയും നാല് സീറ്റുകൾ വീതം നേടി.

ചൊവ്വാഴ്ച രാവിലെ എട്ടു മണിക്ക് ആരംഭിച്ച വോട്ടെണ്ണൽ ബുധനാഴ്ച പുലർച്ചെ നാലരയോടെയാണ് അവസാനിച്ചത്.

വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ മഹാസഖ്യമായിരുന്നു മുന്നേറിയത്. രണ്ടുമണിക്കൂർ പിന്നിട്ടപ്പോൾ എൻ.ഡി.എ. മുന്നിലെത്തി. വൈകീട്ട് ഏഴോടെ ഇരുമുന്നണികളും തമ്മിൽ നേരിയ സീറ്റുകളുടെ വ്യത്യാസമായി മാറി. രാത്രി വൈകിയും നേരിയ ലീഡ് നിലനിർത്തിയ എൻ.ഡി.എ എക്സിറ്റ് പോൾ ഫലങ്ങളെ നിഷ്പ്രഭമാക്കി ഭരണത്തുടർച്ച ഉറപ്പിക്കുകയായിരുന്നു.


എ.ഐ.എം.ഐ.എം. നേതാവ് അസദുദ്ദീൻ ഒവൈസിയും ആർ.എൽ.എസ്.പി. നേതാവ് ഉപേന്ദ്ര കുശ്വാഹയും നേതൃത്വം നൽകിയ വിശാല ജനാധിപത്യ മതേതര സഖ്യവും പപ്പു യാദവിന്റെ നേതൃത്വത്തിലുള്ള സഖ്യവും മഹാസഖ്യത്തിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടിയേകി. കേന്ദ്രത്തിൽ എൻ.ഡി.എ.യ്ക്കൊപ്പമുള്ള ചിരാഗ് പാസ്വാന്റെ എൽ.ജെ.പി. നിതീഷിന് ഉണ്ടാക്കിയ ക്ഷീണം ചെറുതല്ല. ചിരാഗിന് നേട്ടമുണ്ടായില്ലെങ്കിലും ബി.ജെ.പി.ക്ക് കോട്ടമുണ്ടാക്കാതെ ജെ.ഡി.യു.വിന്റെ സീറ്റുകൾ കുറയ്ക്കാൻ എൽജെ.പി.യ്ക്കായി.
أحدث أقدم