കാസർഗോഡ് ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ മഞ്ചേശ്വരം എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ എം.സി.കമറുദ്ദീനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രമേഹം ഉയർന്നതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കാസർഗോഡ് ജനറൽ ആശുപത്രിയിലാണ് കമറുദ്ദീനെ പ്രവേശിപ്പിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ജയിലിൽനിന്നാണ് കമറുദ്ദീനെ ആശുപത്രിയിലെത്തിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് സാന്പത്തികതട്ടിപ്പ് കേസിൽ ഒരു എംഎൽഎ അറസ്റ്റിലായത്.
420 (വഞ്ചന), 34 (ഗൂഢാലോചന) എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് അറസ്റ്റ്. ചന്തേര, കാസര്‍ഗോഡ്, ബേക്കല്‍, പയ്യന്നൂര്‍ പോലീസ് സ്റ്റേഷനുകളിലായി 115 കേസുകളാണ് എംഎല്‍എയ്ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ കേസുകളിൽ നിക്ഷേപകരുടെ 13 കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി. ഇതിൽ ചന്തേര സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ആദ്യത്തെ മൂന്നു കേസുകളിലാണ് കമറുദ്ദീനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
2006-ൽ ചന്തേരയിലാണ് കമറുദ്ദീൻ ചെയർമാനും കൂട്ടുപ്രതി ടി.കെ.പൂക്കോയ തങ്ങൾ മാനേജിംഗ് ഡയറക്ടറുമായി ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ ആരംഭിച്ചത്.
പിന്നീട് 2008-ൽ ഒമർ ഫാഷൻ ഗോൾഡ്, 2009-ൽ നുജൂം ഗോൾഡ്, 2012-ൽ ഫാഷൻ ഓർണമെന്റ്സ് എന്നീ സ്ഥാപനങ്ങൾകൂടി രജിസ്റ്റർ ചെയ്തു. പൂക്കോയ തങ്ങൾ ഇകെ വിഭാഗം സുന്നികളുടെ നേതാവും ലീഗ് ജില്ലാ പ്രവർത്തകസമിതിയംഗവുമാണ്.
12 മുതൽ 14 ശതമാനം വരെ തുക പ്രതിമാസം പലിശയിനത്തിൽ വാഗ്ദാനം ചെയ്താണ് ഇവർ നിക്ഷേപം സ്വീകരിച്ചത്. 800 ഓളം പേരിൽനിന്നായി 140 കോടിയോളം രൂപ ഇത്തരത്തിൽ തട്ടിയെടുത്തതായാണ് സൂചന. 2019 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഈ സ്ഥാപനങ്ങൾ മുഴുവനും അടച്ചുപൂട്ടിയതോടെയാണ് തങ്ങൾ ചതിക്കപ്പെട്ട വിവരം നിക്ഷേപകർ മനസിലാക്കിയത്.
പണം കിട്ടില്ലെന്ന് ഉറപ്പായതോടെ ഈവർഷം ഓഗസ്റ്റ് 27ന് ആദ്യ പരാതി ചന്തേര പോലീസ് സ്റ്റേഷനിലെത്തി. 36 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി മൂന്നുപേരാണ് പരാതി നൽകിയത്. തുടർന്ന് നിരവധിപേർ പരാതിയുമായി എത്തി. പ്രശ്നപരിഹാരത്തിനായി ലീഗ് സംസ്ഥാനനേതൃത്വം മധ്യസ്ഥനായി ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജിയെ ചുമതലപ്പെടുത്തിയിരുന്നു.
എന്നാൽ നിക്ഷേപകരുടെ പണമെല്ലാം പലവഴിക്ക് ചെലവാകുകയും ജ്വല്ലറിയുടെ ആസ്തികൾ മറിച്ചുവിൽക്കുകയും ചെയ്തതോടെ പണം തിരിച്ചുകൊടുക്കുക സാധ്യമല്ലെന്നു വ്യക്തമായതോടെ ലീഗ് നേതൃത്വം കമറുദ്ദീനെ കൈയൊഴിഞ്ഞു.