കോവിഡ് പോസിറ്റീവുകാര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും തപാൽ വോട്ട് ചെയ്യാം.





കോവിഡ് പോസിറ്റീവുകാര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും തപാൽ വോട്ട് ചെയ്യാം.

സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റാണ് ഇതിനായി അനുവദിക്കുന്നത്.

 സ്പെഷ്യല്‍വോട്ടര്‍മാര്‍ എന്ന വിഭാഗത്തില്‍പ്പെടുത്തിയാണ്  ഇവര്‍ക്ക് സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ്  അനുവദിക്കുന്നത്. ഇതിന്‍റെ ഭാഗമായി ഇത്തരം വോട്ടര്‍മാരുടെ സാക്ഷ്യപ്പെടുത്തിയ ലിസ്റ്റ് തയ്യാറാക്കുന്നതിന് ആരോഗ്യ വകുപ്പ് ഒരു ഉദ്യോഗസ്ഥനെ നിയോഗിക്കും.

രണ്ട് സര്‍ട്ടിഫൈഡ് ലിസ്റ്റുകള്‍ രൂപീകരിച്ചാണ് സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റിനുള്ള സംവിധാനം ഒരുക്കുന്നത്.

ആദ്യ ലിസ്റ്റ് നവംബര്‍ 29ന് കൈമാറും. രണ്ടാമത്തെ ലിസ്റ്റ് വോട്ടെടുപ്പിന്‍റെ തലേ ദിവസമായ ഡിസംബര്‍ 7ന് വൈകിട്ട് മൂന്ന് മണിക്ക് മുന്‍പായി കൈമാറും. നവംബര്‍ 29ന് ശേഷമുള്ള ലിസ്റ്റില്‍ രോഗം സ്ഥിരീകരിക്കുന്നവരുടേയും നിരീക്ഷണത്തില്‍ കഴിയുന്നവരുടേയും വിവരങ്ങള്‍ അതത് ദിവസം തന്നെ ഡെസിഗ്നേറ്റഡ് ഹെല്‍ത്ത് ഓഫീസര്‍ക്ക് കൈമാറും.  ഡെസിഗ്നേറ്റഡ് ഹെല്‍ത്ത് ഓഫീസര്‍ (ഡി.എച്.ഒ.) സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കേറ്റ് ഉള്ളവര്‍ക്ക് മാത്രമേ പോസ്റ്റല്‍ ബാലറ്റ് അനുവദിക്കൂ.  

 പോസ്റ്റല്‍ ബാലറ്റ് തിരഞ്ഞെടുത്തവര്‍ക്ക് തിരഞ്ഞെടുപ്പ് തിയതിക്ക് മുന്‍പ് നെഗറ്റീവ് ആയാലും നിരീക്ഷണം അവസാനിച്ചാലും നേരിട്ട് പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ സാധിക്കില്ല. വോട്ടിംഗിന് തലേ ദിവസം വൈകിട്ട് മൂന്ന് മണിക്ക് ശേഷം പോസിറ്റീവ് ആകുന്നവര്‍ക്ക് സാധാരണ വോട്ടിംഗ് സമയം അവസാനിച്ച ശേഷം അതത്  ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താം.

 ഈ സമയം രോഗിയും പോളിംഗ് ഉദ്യോഗസ്ഥരും പി.പി.ഇ. കിറ്റ് ധരിക്കണം. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ കോവിഡ് സംബന്ധമായ കാര്യങ്ങള്‍ ക്രമീകരിക്കാനും രോഗ പ്രതിരോധ നടപടി സ്വീകരിക്കാനും ജില്ലാ തലത്തിലും പഞ്ചായത്ത് തലത്തിലും ആരോഗ്യ വകുപ്പിന്‍റെ നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കും.

സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റിന്‍റെ വിതരണത്തിനും ശേഖരണത്തിനുമായി സ്പെഷ്യല്‍ പോളിംഗ് ഓഫീസറെയും അസിസ്റ്റന്‍റ് ഓഫീസറേയും നിയമിക്കും. സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ സൂക്ഷിക്കാനായി  ആര്‍.ഒ./ എ.ആര്‍.ഒ. മാരുടെ ഓഫീസില്‍ പ്രത്യേകം സ്ട്രോങ്ങ് റൂം സജ്ജമാക്കും.

സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് ആവശ്യമുള്ളവര്‍ക്ക് സഹായത്തിനായി കളക്ടറേറ്റിലും അതാത് വരണാധികാരികളുടെ ഓഫീസിലും പ്രത്യേകം സഹായ കേന്ദ്രങ്ങളും സജ്ജീകരിക്കും.

أحدث أقدم