തൊടപുപഴ: ഇടുക്കിയിലെ സീറ്റ് വിഭജനത്തെച്ചൊല്ലി കോൺഗ്രസും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും തമ്മിലുള്ള തർക്കം തുടരുന്നു. കോൺഗ്രസിന്‍റെ സംസ്ഥാന നേതാക്കളെത്തി തൊടുപുഴയിൽ നടത്തിയ മാരത്തോൺ ചർച്ചയിലും സമവായമായില്ല. കഴിഞ്ഞ തവണ ലഭിച്ച സീറ്റുകളത്രയും ഇത്തവണയും വേണമെന്ന കേരള കോൺഗ്രസിന്‍റെ ആവശ്യമാണ് പ്രതിസന്ധിയ്ക്ക് കാരണം.
കഴിഞ്ഞ തവണ മത്സരിച്ച് വിജയിച്ച സീറ്റുകളെല്ലാം യുഡിഎഫ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നൽകും. തോറ്റ സീറ്റുകളിൽ വിജയസാധ്യത പരിഗണിച്ച് സ്ഥാനാർത്ഥിയെ നിർത്താം. കോൺഗ്രസ് മുന്നോട്ട് വച്ച ഈ ഫോർമുല കേരള കോൺഗ്രസ് അംഗീകരിക്കാത്തതാണ് സീറ്റ് വിഭജനം നീട്ടുന്നത്. പ്രദേശിക തലത്തിൽ തീരുമാനമാകാത്തതിനെ തുടർന്ന് കോൺഗ്രസിന്റെ മുതിർന്ന നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണനും ജോസഫ് വാഴയ്ക്കനും പി ജെ ജോസഫുമായി ചർച്ച നടത്തി. ആറ് മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിൽ ജില്ല പഞ്ചായത്തിൽ കഴിഞ്ഞ തവണ മത്സരിച്ച അഞ്ച് സീറ്റുകളും കേരള കോൺഗ്രസിന് നൽകാൻ ധാരണയായി.
ജില്ല പഞ്ചായത്തിൽ തീരുമാനമായെങ്കിലും തൊടുപുഴ, കട്ടപ്പന നഗരസഭകളുടെയും ഹൈറേഞ്ചിലെ പഞ്ചായത്തുകളുടെയും കാര്യത്തിൽ കോൺഗ്രസ് ഫോർമുല അംഗീകരിക്കാൻ കേരള കോൺഗ്രസ് തയ്യാറായിട്ടില്ല. ജോസ് വിഭാഗം പോയതോടെ ഹൈറേഞ്ചിൽ കേരള കോൺഗ്രസിന്‍റെ ശക്തി കുറഞ്ഞെന്ന നിലപാടിലാണ് കോൺഗ്രസ്. ഇത് വാസ്തവ വിരുദ്ധമാണെന്ന് കേരള കോൺഗ്രസും ഉറച്ച് നിൽക്കുന്നതിനാൽ അന്തിമ സ്ഥാനാർത്ഥി പട്ടികക്ക് രൂപം നൽകാൻ കഴിയാത്ത അവസ്ഥയിലാണ് നേതൃത്വം .