ശബരിമല തീർഥാടനകാലത്ത്‌ മികച്ച ആരോഗ്യസേവനം ലഭ്യമാക്കാൻ ആരോ​ഗ്യവകുപ്പ്‌ കർമപദ്ധതി ആവിഷ്‌കരിച്ചു.


തിരു: തീർത്ഥാടനത്തിനെത്തുന്ന മുഴുവൻ പേർക്കും കോവിഡ്‌ ഉൾപ്പെടെ എല്ലാ രോഗങ്ങൾക്കും സർക്കാർ ആശുപത്രികളിൽ പൂർണമായും സൗജന്യ ചികിത്സ ഉറപ്പാക്കി. ഇതര സംസ്ഥനങ്ങളിൽനിന്നുള്ളവർക്കും എല്ലാ രോഗങ്ങൾക്കും ചികിത്സ സൗജന്യമായിരിക്കും. ഇതിനായി വിവിധ ജില്ലകളിൽനിന്ന്‌ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ അവശ്യചികിത്സാ സേവനത്തിന്‌ വിന്യസിച്ചു.

അസിസ്റ്റന്റ് സർജൻമാർക്ക് പുറമേ കാർഡിയോളജി, ജനറൽ മെഡിസിൻ, ഓർത്തോപീഡിക്‌സ് വിഭാഗങ്ങളിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കും. ആരോഗ്യവകുപ്പിൽനിന്ന് 1000 ജീവനക്കാരെ വിവിധ ഘട്ടങ്ങളിലായി മണ്ഡലകാലത്ത് നിയമിക്കും. സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാർ ഒരാഴ്ചയും മറ്റ് ജീവനക്കാർ 15 ദിവസം വീതവും സേവനത്തിനുണ്ടാകും. തീർഥാടനകാലത്ത്‌ കോവിഡ്‌ പ്രതിരോധ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന്‌ ഉറപ്പാക്കും.

ഹൃദയാഘാതം സംഭവിച്ച തീർഥാടകരെ പരിചരിക്കാൻ ആട്ടോമേറ്റഡ് എക്‌സ്‌റ്റേണൽ ഡിഫിബ്രിലേറ്റർ ഉൾപ്പെടെ പരിശീലനം ലഭിച്ച സ്റ്റാഫ് നേഴ്‌സുമാരെ 24 മണിക്കൂറും ഈ കേന്ദ്രങ്ങളിൽ ലഭ്യമാക്കുമെന്നും‌ ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.

തീർഥാടകർക്ക് പ്രത്യേക ചികിത്സ ഉറപ്പാക്കാൻ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി പത്തനംതിട്ടയിലും(21) കോട്ടയത്തു(27)മായി 48 സർക്കാർ, സ്വകാര്യ ആശുപത്രികളെ എംപാനൽ ചെയ്‌തു. സ്വകാര്യ ആശുപത്രികളിൽ കാസ്പ് കാർഡുള്ളവർക്ക് സൗജന്യചികിത്സ ലഭ്യമാകും. കേരളത്തിന്‌ പുറത്തുനിന്ന്‌ വരുന്ന പിഎംജെഎവൈ കാർഡുള്ളവർക്കും ഈ സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭിക്കും.

പമ്പ മുതൽ സന്നിധാനംവരെ തീർഥാടകർക്ക് ഉണ്ടായേക്കാവുന്ന നെഞ്ചിടിപ്പ്, ശ്വാസംമുട്ടൽ, നെഞ്ചുവേദന തുടങ്ങിയ പ്രശ്‌നങ്ങളോ ഹൃദയാഘാതമോ ഉണ്ടായാൽ വഴിയിൽത്തന്നെ അടിയന്തര ചികിത്സനൽകും. ഇതിന്‌ സന്നിധാനം, പമ്പ, നിലയ്ക്കൽ, ചരൽമേട് (അയ്യപ്പൻറോഡ്), എരുമേലി എന്നിവിടങ്ങളിൽ വിദഗ്ധ സംവിധാനങ്ങളുള്ള ഡിസ്‌പെൻസറികളും സന്നിധാനത്ത് അടിയന്തര ഓപ്പറേഷൻ തിയറ്ററും പ്രവർത്തിപ്പിക്കും. പത്തനംതിട്ട ജനറൽ ആശുപത്രി, എരുമേലി സിഎച്ച്സി, കാഞ്ഞിരപ്പള്ളി താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ്‌ ആശുപത്രി എന്നിവിടങ്ങളിലും ചികിത്സതേടാം. കോട്ടയം മെഡിക്കൽ കോളേജിലും തീർഥാടകർക്ക്‌ പ്രത്യേക സൗകര്യമൊരുക്കും. നിലയ്‌ക്കൽ–- 6, പമ്പ–- 10, ഇലവുങ്കൽ–- 1, റാന്നി പെരിനാട്–- 1, വടശേരിക്കര–- 1, പന്തളം–- 1 എന്നിങ്ങനെ 20 സൗജന്യ ആംബുലൻസും ഏർപ്പെടുത്തി.
أحدث أقدم