കൊച്ചി: രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി വിഭാഗത്തിന് അനുവദിച്ചുള്ള തിരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനം ശരിവച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന പി.ജെ. ജോസഫിന്റെ ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജോസ് കെ.മാണി വിഭാഗം രണ്ടില ഉപയോഗിക്കുന്നത് തടയാനുള്ള നീക്കം ഇതോടെ പൊളിഞ്ഞു. ജസ്റ്റിസ് മണികുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
തിങ്കളാഴ്ച രാവിലെയാണ് സിംഗിള്‍ ബെഞ്ച് തീരുമാനത്തിനെതിരെ പി.ജെ.ജോസഫ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം അംഗീകരിച്ച കോടതി കേസ് ഫയലില്‍ സ്വീകരിച്ചെങ്കിലും സ്റ്റേ ആവശ്യം അനുവദിച്ചില്ല. വസ്തുതകള്‍ പരിശോധിക്കാതെയാണ് സിംഗിള്‍ ബെഞ്ച് ചിഹ്നം ഉപയോഗിക്കാന്‍ അനുവാദം നല്‍കിയതെന്നായിരുന്നു ജോസഫിന്റെ വാദം.