തിരുവനന്തപുരം: കോവിഡ് വ്യാപനം :തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
അമേരിക്കയില്‍ രൂക്ഷമായ രോഗവ്യാപനമുണ്ടായത് കോവിഡിന്റെ രണ്ടാം തരംഗത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടെന്നും ഇതിനാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രാഷ്ട്രീയ പ്രവർത്തകരും ഉദ്യോഗസ്ഥരും ജനങ്ങളും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കോവിഡിന് രണ്ടാമതും മൂന്നാമതും തരംഗങ്ങളുണ്ടാവാം എന്നാണ്. അതിലെ പ്രത്യേകത ആദ്യത്തെ തരംഗത്തേക്കാൾ കൂടുതൽ രൂക്ഷമായ വ്യാപനം രണ്ടാം തരംഗത്തിൽ ഉണ്ടാവാം. അമേരിക്കയിൽ ഇതുവരെ ഉണ്ടായതിൽ ഏറ്റവും കൂടുതൽ രോഗികളുണ്ടാവുന്നത് ഇപ്പോൾ ആണ്. യൂറോപ്പിലും കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുന്നു.
രോഗവ്യാപനം തടയാൻ നമ്മുടെ നാട്ടിൽ പരക്കെ പ്രചരിപ്പിച്ച സ്വീഡൻ മോഡലും പരാജയപ്പെട്ടു അവിടെയും രോഗവ്യാപനം രണ്ടാമതും ശക്തമായി. ഇതുവരെ നമ്മൾ കാണിച്ച കരുതലും ജാഗ്രതയും ശക്തമായി തുടരണം. പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പിനെ തുടർന്ന് അമേരിക്കയിലും മറ്റും രോഗവ്യാപനം വർധിച്ചുവെന്നത് ശ്രദ്ധിക്കണം.
കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചു വേണം തെരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ. കൈപിടിക്കലും കെട്ടിപ്പിടക്കലുമെല്ലാം സ്ഥാനാർത്ഥികൾ പൂർണമായും ഒഴിവാക്കണം. പ്രായാധിക്യം ഉള്ളവരുടെ കാര്യത്തിൽ പ്രത്യേക ജാഗ്രത പാലിക്കണം. നിരവധി വീടുകൾ സന്ദർശിക്കുന്നതിനാൽ പ്രചാരണത്തിന് പോകുന്നവർ പ്രത്യേകം ശ്രദ്ധ എടുക്കണം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നവർക്കായി പ്രത്യേക പ്രോട്ടോക്കോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇറക്കിയിട്ടുണ്ട്. ആൾക്കൂട്ടം ഒഴിവാക്കുക. എന്നതാണ് ഇതിൽ പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.